പണ്ടൊക്കെ ഓണക്കാലമെന്നാല്‍ ഒരുപാടൊരുപാട് ഓണക്കളികളുടെ സമ്മേളനമായിരുന്നു. കാലക്രമേണ പലതും വിസ്മൃതിയിലായി. പുതിയ കാലത്ത് ഓണക്കളികളൊക്കെ പേരിന് മാത്രമായി. അത്തം പത്തോണത്തിന്ഡറെ പ്രൗഡിയൊക്കെ പുത്തന്‍ തലമുറയ്ക്ക് മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞുകൊടുക്കുന്ന കഥകളായി. ഒരു മുത്തശ്ശിക്കഥപോലെ ഓണക്കാലത്തിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുന്ന ‘തുമ്പി’ എന്ന മ്യൂസിക്കല്‍ ഫോക് ലോര്‍ ഡ്രാമ യൂട്യൂബില്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ചതിക്കപ്പെട്ട ചക്രവര്‍ത്തിക്ക് സമ!പ്പണം എന്നെഴുതിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കൊള്ളന്നൂര്‍, കൊല്ലങ്കോട് പ്രദേശത്തെ നിവാസികളാണ് വീഡിയോയില്‍ അഭിനയിച്ചിട്ടുള്ളത്. ഒരു തനി നാട്ടുംപ്രദേശത്തെ ഓണക്കാലത്തെ എല്ലാ ചേരുവകളും എട്ട് മിനിറ്റ് 16 സെക്കന്റുള്ള വീഡിയോയില്‍ വന്ന് പോകുന്നുണ്ട്.
‘ഒരെല മൂവെല വിരിയും മുമ്പേ പിള്ളേര് നുള്ളി കളിച്ചയ്യോ ഒന്നാമന് കൂര്‍ക്ക പറമ്പില്‍ കൂര്‍ക്ക നട്ട് നനച്ചയ്യോ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ അകമ്പടിയിലാണ് ദൃശ്യങ്ങള്‍ മിന്നിമായുന്നത്. കളമൊരുക്കാന്‍ പല വീടുകളില്‍ നിന്ന് പൂക്കള്‍ മോഷ്ടിക്കാന്‍ നടക്കുന്ന കുട്ടികളിലൂടെ, തുമ്പി കളിക്കായി ഒരുങ്ങുന്നൊരു പെണ്‍കുട്ടിയിലൂടെ, മൈതാനത്ത് വട്ടു കളിക്കുന്നവരിലൂടെ, പുലികളിക്കൊരുങ്ങുന്നവരിലൂടെ, മാവേലിയാകാന്‍ വേഷം കെട്ടുന്നൊരാളിലൂടെ, ഇതിനൊക്കെ ഇടയില്‍ കള്ള് മോന്തുന്നവരിലൂടെയൊക്കെയാണ് ദൃശ്യങ്ങളുടെ സഞ്ചാരം.
ഒരു തുമ്പിയുടെ കണ്ണിലൂടെ നോക്കി കാണും പോലെ ചടുലമായാണ് വീഡിയോയിലെ ദൃശ്യങ്ങള്‍ അടുക്കിയിരിക്കുന്നത്. പാട്ടിന് അവസാനം ഒരു തരിപ്പോടെ മാത്രമേ കണ്ട് തീര്‍ക്കാനാവൂ, അത്രയ്ക്ക് വേറിട്ട രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
നാടന്‍പാട്ട് പശ്ചാത്തലമാക്കി ആളുകളുടെ സംഭാഷണങ്ങളും കൂടി അതിനിടയില്‍ വന്ന് പോകുന്നുണ്ട്. ആട്ടം കലാസമിതിയുടേയും വി ആര് പച്ചയുടേയും സഹകരണത്തോടെ ജോഷ് ആണ് തുമ്പി എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് പെരിങ്ങാടും അജിത്ത് നായരും ചേര്‍ന്നാണ് നിര്‍മ്മാണം. അശോക് വിഷ്ണുവാണ് ഛായാഗ്രഹണം, സംഗീതവും പശ്ചാത്തല സംഗീതവും മണികണ്ഠന് അയ്യപ്പയാണ്. എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് രോഹിത് വി എസ് വാരിയത്താണ്.
മാളു, മണികണ്ഠന് അയ്യപ്പ, ഉഷ, വിശാലം, സുധ, സുനിത, ഇന്ദിര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആട്ടം ശരത്, ദില്‍ഷന, അജിത് നായര്‍, ശ്യാം ഗംഗോത്രി, ആദിത്യന്, ഫവാസ് അലി തുടങ്ങി നിരവധിപേരാണ് അഭിനയിച്ചിരിക്കുന്നത്.