ന്യൂഡല്‍ഹി: ഏപ്രില്‍-ജൂലായ് കാലയളവില്‍ കയറ്റുമതിയില്‍ 30ശതമാനത്തിലേറെ വര്‍ധനവുണ്ടായതോടെ ഉള്ളികയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ബംഗ്ലാദേശിലേയ്ക്കുള്ള ഉള്ളികയറ്റുമതിയില്‍ 158 ശതമാനമാണ് വര്‍ധന. 3240 കോടി രൂപമൂല്യമുള്ള ഉള്ളിയാണ് വിവിധ രാജ്യങ്ങളിലേയ്ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റിയയിച്ചത്.
ഉള്ളിയുടെ വില കുറഞ്ഞ സമയത്തായിരുന്നു വന്‍തോതില്‍ കയറ്റുമതി നടന്നത്. എന്നാല്‍ ഇപ്പോള്‍ വില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഡെല്‍ഹിയില്‍ ഒരു കിലോഗ്രാം ഉള്ളിയുടെ ചില്ലറ വില 40 രൂപയാണ്. കേരളത്തില്‍ 25 രൂപമുതലാണ് വില.
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് കാലത്ത് ഉള്ളിയുടെ വിലയില്‍ വന്‍വര്‍ധനവുണ്ടായതിനെതുടര്‍ന്ന് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ഡല്‍ഹിയില്‍ ഉള്ളിവില 80 രൂപവരെ ഉയര്‍ന്നിരുന്നു. ഡിസംബറില്‍ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ കിലോഗ്രാമിന് 160 രൂപയിലേറെ ഉയരുകയും ചെയ്തു.