KERALALATESTNEWS

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്സ് ചാനല്‍ വഴിയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുക. ലാപ്ടോപ്പോ ഡെസ്‌ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്‌കുളുകള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ ക്രമീകരണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും യൂട്യൂബ് വഴിയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ ടിവിക്ക് മുന്നിലെത്തിക്കണം. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസുകള്‍. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുമായി തത്സമയം സംവദിക്കാകും വിധമാണ് സൌകര്യമൊരുക്കുക.

ലാപ്പ്ടോപ്പോ, ഡെസ്‌ക്ടോപ്പോ ഉപയോഗിച്ച് വെബ്കാം വഴി സംവദിക്കാനും സംശയനിവാരണം നടത്താനും സജ്ജീകരണങ്ങളുണ്ടാകും. ടാബോ സ്മാര്‍ട്ട്ഫോണോ ഉപയോഗിച്ച് വാട്സ്ആപ്പ് വഴിയാകും സ്വകാര്യസ്‌കൂളുകളിലെ ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൌകര്യമൊരുക്കുക. റെക്കോര്‍ഡ് ചെയ്ത വീഡിയോയും ഓഡിയോയും വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുക്കും.

ഓണ്‍ലൈന്‍ പഠനത്തിന് തുടക്കം കുറിക്കുമ്പോള്‍, വിക്ടേഴ്സ് ചാനല്‍ ലഭ്യമല്ലാത്ത ഡിറ്റിഎച്ച് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരും ടിവിയോ കമ്പ്യൂട്ടറോ തുടങ്ങിയ സൗകര്യമില്ലാത്തവരുമായ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത്തരത്തില്‍ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. ഇവര്‍ക്ക് ക്ലാസുകള്‍ നഷ്ടമാകാതിരിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളൊരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളൊഴിവാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിലാണ് ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നത്.

Related Articles

Back to top button