KERALALATEST

റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഫോര്‍മുലയുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടില്‍ ഇഴഞ്ഞും യാചിച്ചും പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല മുന്നോട്ടുവച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവര്‍ഷം നീട്ടിയാല്‍ 345 പേര്‍ക്ക് നിയമനം ലഭിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. എല്‍ജിഎസ് പട്ടിക ഒന്നരക്കൊല്ലം നീട്ടണം. സിപിഒ പട്ടികയിലുള്ളവരുെട വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്താങ്ങണം. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ഇടതു സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരോട് പ്രതികാരം ചെയ്യില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന നിയമനങ്ങളും ഉമ്മന്‍ചാണ്ടി താരതമ്യം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയാണ് സര്‍ക്കാരിന്. മൂന്ന് വര്‍ഷം തികഞ്ഞ പട്ടികയെല്ലാം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഇടതുസര്‍ക്കാരിനെക്കാള്‍ യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി. മുഖ്യമന്ത്രി പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ വെല്ലുവിളിക്കുന്നു. പുതിയ ലിസ്റ്റില്ലെങ്കില്‍ പഴയത് നീട്ടുകയെന്നായിരുന്നു സര്‍ക്കാര്‍നയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നു പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാല്‍ക്കല്‍ വീണിരുന്നു. മുട്ടിലിഴഞ്ഞും യാചിച്ചും ഇന്നും സമരം ചെയ്തവരെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരവേദിയില്‍ എത്തിയപ്പോഴാണ് വൈകാരിക രംഗം അരങ്ങേറിയത്. സമരക്കാരോടു സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ കൂട്ടത്തോടെ ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണ് അപേക്ഷിക്കുകയായിരുന്നു.
ഒരു നിമിഷം അമ്പരുന്നു പോയ ഉമ്മന്‍ ചാണ്ടി യുവാക്കളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും യുവാക്കള്‍ അപേക്ഷ തുടരുകയായിരുന്നു. ആ യുവാക്കളുടെ കണ്ണീര് വീണ് തന്റെ കാല് പൊള്ളിപ്പോയെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
‘സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി. നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി. പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും.’ ഉമ്മന്‍ ചാണ്ടി കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker