BREAKING NEWSKERALALATEST

പള്ളി വിട്ടുകൊടുക്കാതിരിക്കാന്‍ ഓര്‍ഡിനന്‍സിനായി യാക്കോബായ വിഭാഗം, സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ വീഴരുതെന്ന് ഓര്‍ത്തഡോക്‌സ്

കോട്ടയം: ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ വിധി നടപ്പാക്കാതിരിക്കാന്‍ പുതിയ തന്ത്രവുമായി യാക്കോബായ വിഭാഗം. പളളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സര്‍ക്കാരിനെ സമീപിച്ചു. ഭൂരിപക്ഷം നോക്കി പള്ളിഭരണം കൈമാറണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. സെമിത്തേരി ഓര്‍ഡിനന്‍സിന് സമാനമായ
രീതിയില്‍ കോടതി വിധി മറികടക്കാനാണ് യാക്കോബായ പക്ഷത്തിന്റെ നീക്കം. തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് യാക്കോബായ പക്ഷത്തെ പ്രീതിപ്പെടുത്താന്‍ സര്‍ക്കാര്‍, ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ വിധി നടപ്പാക്കാതെ പള്ളി തര്‍ക്കത്തില്‍ നിയമനിര്‍മാണം കൊണ്ടുവന്നാല്‍ കോടതിയില്‍ നിന്ന് വീണ്ടും പ്രഹരമേല്‍ക്കുമോയെന്ന ആശങ്കയും സംസ്ഥാന സര്‍ക്കാരിനുണ്ട്. യാക്കോബായ വിഭാഗത്തെ പ്രീതിപ്പെടുത്തിയാല്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, കോതമംഗലം, പിറവം മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍
കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.
എന്നാല്‍ കോടതി വിധി നടപ്പാക്കാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള പത്തനംതിട്ട ജില്ല, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില മേഖലകള്‍ എന്നിവിടങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്നും സിപിഎം ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള, റാന്നി, തിരുവല്ല മണ്ഡലങ്ങളിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇടതുസ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ഓര്‍ത്തഡോക്‌സ് പിന്തുണയോടെയായിരുന്നു.
എന്നാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഈ മണ്ഡലങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണ്.
അതിനിടെ കോടതിവിധി അട്ടിമറിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ യാക്കോബായ വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നു. നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവരുതെന്ന് സഭാ വക്താവ് ഫാദര്‍ ജോണ്‍സ് എ കോനാട്ട് പറഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ ഇടപെടല്‍ വേണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന കടുത്ത നിലപാടില്‍ തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭ,സഭയുടെ നിലപാടിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു സഭാ വക്താവ് ഫാദര്‍ ജോണ്‍സ് എ കോനാട്ടിന്റെ പ്രതികരണം.

Related Articles

Back to top button