BREAKING NEWSKERALA

മുഖ്യമന്ത്രിയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികള്‍ ലോക്കല്‍ പാര്‍ട്ടി ഓഫീസുകളില്‍ മതിയെന്നും ഓര്‍ത്തഡോക്‌സ് സഭയോട് വേണ്ടെന്നും സഭാ മാധ്യമവിഭാഗം തലവന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
പിണറായി വിജയനെ കാണുന്നത് നാടിന്റെ മുഖ്യമന്ത്രിയായിട്ടാണ്. ആ ബഹുമാനം കിട്ടണമെങ്കില്‍ അതേരീതിയില്‍ ഇടപെടണം. അവസരം കിട്ടിയാല്‍ ഏകാധിപത്യം നടത്തുന്നവരാണിവര്‍. അതിവിടെ നടക്കില്ല. മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഫാസിസമാണ് കേരളത്തില്‍ നടത്തുന്നത്. അത് തിരുത്തിയിെല്ലങ്കില്‍ ജനം തിരുത്തും. മുഖ്യമന്ത്രിയെ ആദരണീയനെന്ന് വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുത്.
മലപ്പുറത്ത് ഓര്‍ത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയാണ് ഓര്‍ത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചത്.
ജനാധിപത്യമര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നതെന്നും സഭാനേതൃത്വം കുറ്റപ്പെടുത്തി. തനിക്ക് തോന്നിയതുപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കില്ല. മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുത? സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലത്.
മുഖ്യമന്ത്രി മലപ്പുറത്ത് നുണകള്‍ പറയുകയും വൈദികകുപ്പായത്തെ ചോദ്യംചെയ്യുകയുമായിരുന്നു. നീതിന്യായകോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാന്‍ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതാണ് നല്ലത്. സഭ പള്ളി പിടിക്കാന്‍ പോയിട്ടില്ല.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ അധികാരികള്‍ പള്ളികള്‍ ഒഴിപ്പിച്ചെടുത്ത് നല്‍കിയതാണ്. അത് സര്‍ക്കാരിന്റെ ദാക്ഷിണ്യമല്ല. ആര്‍ക്കും പള്ളിയില്‍ വരാം. എന്നാല്‍ ശുശ്രൂഷകള്‍ നടത്തണമെങ്കില്‍ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടായിരിക്കണം.
പ്രധാനമന്ത്രി സഭയിലെ വഴക്ക് തീര്‍ക്കാന്‍ ഇടപെടുന്നതല്ല. എന്നാല്‍ സഭയുടെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം തിരുവനന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്. കോടതി തീരുമാനത്തെ ചര്‍ച്ചയിലൂടെ മറികടക്കാമെന്ന് വിചാരിക്കുന്നെങ്കില്‍ അത് മോഹം മാത്രമാണെന്നും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയെ പരാമര്‍ശിച്ച് മാര്‍ യൂലിയോസ് പറഞ്ഞു.

Related Articles

Back to top button