ENTERTAINMENTMALAYALAM

‘ഒറ്റക്കൊമ്പ’നായി സുരേഷ് ഗോപി; 250ആം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് 

വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് ടൈറ്റില്‍ അനൗണ്‍സ്‌മെന്റില്‍ പങ്കാളികളായത്. ഒറ്റക്കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നേരത്തെ വിവാദത്തിലായ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന്റെ അതേ അണിയറ പ്രവര്‍ത്തകരാണ് പുറത്തിറക്കുക.

ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുക. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കും. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന്റെ അതേ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്.

പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു. വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker