BREAKING NEWSLATESTNATIONAL

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് മതപ്രവര്‍ത്തനത്തിനും പത്രപ്രവര്‍ത്തനത്തിനും അനുമതി വേണം

ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.
ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.
ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍നിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല.
ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.
ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ. അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും.
കഴിഞ്ഞകൊല്ലം കോവിഡ് അടച്ചിടല്‍ തുടങ്ങിയസമയത്ത് ഡല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തുനിന്ന് വിസാചട്ടം ലംഘിച്ചതിന് 233 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു.

Related Articles

Back to top button