ENTERTAINMENTMALAYALAM

ബാലചന്ദ്രനായിരിക്കെ പൂര്‍ണ്ണചന്ദ്രനുമായിരുന്നു…

(നാലരപ്പതിറ്റാണ്ടുകാലം ഉത്തമസുഹൃത്തുക്കളായിരിക്കുകയും പി ബാലചന്ദ്രന്റെ രണ്ടു നാടകങ്ങള്‍ സംവിധാനംചെയ്ത് അവതരിപ്പിക്കുകയും ചെയ്ത ജോണ്‍ ടി വേക്കന്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു)

പൗര്‍ണ്ണമിനാളില്‍ മാത്രം പൂര്‍ണ്ണമായി ദര്‍ശിക്കുകയും പിന്നീട് ദൃഷ്ടിപഥത്തില്‍നിന്ന് മെല്ലെ മെല്ലെ മറയുകയും ചെയ്യുന്ന ചന്ദ്രനെപ്പോലെയായിരുന്നു പി ബാലചന്ദ്രന്‍. ഇത് ബാലചന്ദ്രന്റെ കലാജീവിതത്തിലുടനീളം സംഭവിച്ചു കൊണ്ടിരുന്ന രീതിയായിരുന്നു. എന്തുകൊണ്ടെന്നാല്‍, ബാലചന്ദ്രന്‍ നാടകമേഖലയിലും ചലച്ചിത്ര മേഖലയിലും അസംതൃപ്തനായിരുന്നു എന്നതുകൊണ്ടാണ്.
ശാസ്താംകോട്ട ബാലചന്ദ്രന്റെ ജന്മസ്ഥലമായതും മലയാളനാടകവേദിയുടെ നവഭാവുകത്വത്തിന്റെ ജന്മസ്ഥലമായതും യാദൃശ്ചികമാണ്. 1967ല്‍ എം ഗോവിന്ദന്‍, സി എന്‍ ശ്രീകണ്ഠന്‍നായര്‍, ജി ശങ്കരപ്പിള്ള, എം വി ദേവന്‍, കെ എസ് നാരായണപിള്ള, കെ അയ്യപ്പപ്പണിക്കര്‍, ജി അരവിന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ ആരംഭിച്ച നാടകക്കളരിയാണ് പി ബാലചന്ദ്രന്റെ കലാജീവിതത്തിന് വഴിത്തിരിവായത്. അന്നത്തെ നാടകക്കളരിയില്‍ നേരിട്ട് പങ്കാളിയായിരുന്നില്ലെങ്കിലും നാടകം മനസ്സില്‍ കൊണ്ടുനടന്ന ഒരു വിദ്യാര്‍ത്ഥിയുടെ നിരീക്ഷണപാടവം ബാലചന്ദ്രനില്‍ നവീനനാടകരചനകള്‍ നടത്താന്‍ വിത്തുപാകി. നാടകക്കളരിയുടെ ആവിര്‍ഭാവത്തോടെ കോഴിക്കോട് സര്‍വകലാശാലയുടെ കീഴില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുകയും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജി ശങ്കരപ്പിള്ള അവിടെ ഡയറക്ടറാകുകയും പി ബാലചന്ദ്രന്‍ അവിടെ വിദ്യാര്‍ത്ഥിയാകുകയും ചെയ്തതോടെ, സ്‌കൂള്‍ ഓഫ് ഡ്രാമ- ജി ശങ്കരപ്പിള്ള- പി ബാലചന്ദ്രന്‍ ബന്ധം സുദൃഢമാകുകയായിരുന്നു.
ബാലചന്ദ്രന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ രചിച്ച ‘മകുടി’ എന്ന നാടകം എഴുപതെണ്‍പത് കാലഘട്ടത്തില്‍ സജീവമായിരുന്ന അമച്വര്‍ നാടകവേദിയില്‍ ചലനം സൃഷ്ടിച്ച നാടകമാണ്. പി കെ വേണുക്കുട്ടന്‍നായരെപ്പോലെ പരിണതപ്രജ്ഞരായ നാടകപ്രതിഭകള്‍ വിധിനിര്‍ണയം നടത്തി കേരള സര്‍വ്വകലാശാലാ നാടകോത്സവത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടതോടെ വ്യത്യസ്തമായ നാടകരചനാ രീതിയായി നാടകലോകം വിലയിരുത്തി. പിന്നീട് രചിച്ച ‘ചെണ്ട’, ‘മഴു’ എന്നീ നാടകങ്ങള്‍ പുറത്തു വന്നതോടെ തനത് നാടകവേദിയില്‍ ബാലചന്ദ്രന്‍ ഇടം പിടിച്ചു.

വൈക്കം തിരുനാള്‍ നാടകവേദിക്കുവേണ്ടി മകുടി അവതരിപ്പിക്കാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതലാണ് ഞാന്‍ ബാലചന്ദ്രനുമായി അടുക്കുന്നത്. വൈക്കം തിരുനാള്‍ നാടകവേദി നിരവധി വേദികളില്‍ അവതരിപ്പിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടി എന്നത് ബാലചന്ദ്രന് ഒരുപാട് സന്തോഷം നല്കിയിരുന്നു. അതെന്നോട് പങ്കുവെക്കുകയും ചെയ്തിരുന്നു. അന്നുമുതല്‍ വൈക്കത്ത് അസുഖബാധിതനാകുന്നതുവരെ കൂടെക്കൂടെ കാണുകയും നാടകസിനിമാ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ആ കാലത്താണ് ദൂരദര്‍ശന്‍ കേരളത്തില്‍ സംപ്രേഷണം ആരംഭിക്കുന്നത്. ദൂരദര്‍ശനില്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ചില സൃഷ്ടികളുടെ രചന നിര്‍വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവമ്പഴം’ അതിലൊന്നാണ്. നാടകത്തില്‍നിന്നുള്ള ബാലചന്ദ്രന്റെ ചുവടുമാറ്റം അവിടെ തുടങ്ങുന്നു. കുറച്ചു കാലം ആ രീതിയില്‍ തുടര്‍ന്നു. അക്കാലയളവില്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി രചിച്ച ‘പ്രതിരൂപങ്ങള്‍’ എന്ന നാടകം പ്രൊഫഷണല്‍ നാടകവേദിയില്‍ ശ്രദ്ധ നേടുകയും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. നാടകാദ്ധ്യാപനവും നാടകവും ടെലിവിഷനുമൊക്കയായി മുന്നോട്ട് പോകവേ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ മാത്രം താല്പര്യത്തില്‍ ആരംഭിച്ച സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. അതോടെ കലാപ്രവര്‍ത്തനത്തില്‍ സുസ്ഥിര ജീവിതം നയിക്കാന്‍ വിഷമിച്ചിരുന്ന ബാലചന്ദ്രന്റെ ജീവിതം പ്രകാശമാനമായി. ‘പാവം ഉസ്മാന്‍’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും നാടകപ്രവര്‍ത്തനം തുടരാന്‍ അത് പ്രോത്സാഹജനകമായില്ല ബാലചന്ദ്രന്. ആര്‍ട്ട് ഓഫ് ലിവിങ്ങിനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ‘മദ്ധ്യവേനല്‍ പ്രണയരാവ്’ എന്ന രംഗസൃഷ്ടിയാണ് ബാലചന്ദ്രന്റെ സംവിധാനപ്രതിഭ മാറ്റുരച്ച അവസാന നാടകം. പക്ഷേ, അതിന്റെ ആവിഷ്‌ക്കാരത്തില്‍ തൃപ്തനായിരുന്നില്ലതാനും. നാടകക്കളരിപ്രസ്ഥാനത്തിലൂടെ വളര്‍ന്ന് സിനിമാലോകത്തെത്തിയ ഭരത് ഗോപി, നെടുമുടി വേണു, ഭരത് മുരളി, നരേന്ദ്രപ്രസാദ് എന്നിവരുടെ പാത പിന്തുടര്‍ന്ന് ബാലചന്ദ്രനും സിനിമയില്‍ ചേക്കേറി. കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ ചില സൃഷ്ടികള്‍ ബാലചന്ദ്രന്റേതായി വന്നു. ഓരോ സിനിമയുടേയും സ്‌ക്രിപ്റ്റ് വര്‍ക്ക് കഴിഞ്ഞ് വരുമ്പോഴും ബാലചന്ദ്രന്‍ എന്നോട് പറഞ്ഞത്, സിനിമ നിര്‍ത്തി… ഞാന്‍ ഇനി സിനിമ ചെയ്യുന്നില്ല… എന്നായിരുന്നു. അതിനു കാരണമായി പറഞ്ഞത്, ഞാന്‍ എഴുതിയപോലെ അവര്‍ സിനിമ ചെയ്യുന്നില്ല… എന്നായിരുന്നു. എന്നാല്‍ പിന്നീട് കാണുമ്പോള്‍ പറയും, ഞാന്‍ പുതിയ സിനിമയുടെ വര്‍ക്കിലാണ്… സിനിമയുടെ അണിയറയില്‍നിന്ന് തിരശ്ശീലയിലെത്തിയപ്പോള്‍ നടന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തിയില്‍ സന്തോഷം കണ്ടെത്തുകയും ചെയ്തു. അതുകൊണ്ടാണ് അസുഖബാധിനാകുന്നതുവരെ അഭിനയരംഗത്ത് തുടരാന്‍ താല്പര്യം കാണിച്ചതും.
ബാലചന്ദ്രന്‍ തന്റെ കലാപ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായിരുന്നു പലപ്പോഴും. ഒടുവില്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ‘ഇവന്‍ മേഘരൂപന്‍’ സ്വന്തം സൃഷ്ടിയായി പുറത്തു വന്നപ്പോഴാകട്ടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന പരിഭവവും എന്നോട് പങ്കുവെച്ചു.
യഥാര്‍ത്ഥത്തില്‍ ബാലചന്ദ്രന്‍ നാടകകലാകാരനാകണോ ചലച്ചിത്രകാരനാകണോ എന്ന് സ്വയം വിലയിരുത്തി എന്നോട് ഒരഭിപ്രായം പറഞ്ഞു. വൈക്കം തിരുനാള്‍ നാടകവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന കാലം. വ്യത്യസ്തരായ നാടകകൃത്തുക്കളുടെ വ്യത്യസ്തമായ രചനകള്‍ അരങ്ങിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാലചന്ദ്രന്റെ ഒരു നാടകത്തിനുവേണ്ടിയും ഞാന്‍ ശ്രമിച്ചു. ഞങ്ങള്‍ ചര്‍ച്ച നടത്തി. പുതിയ പ്രമേയം ബാലചന്ദ്രന്റെ മനസ്സിലില്ല. എന്തെങ്കിലും പ്രമേയമുണ്ടെങ്കില്‍ പറയാന്‍ എന്നോട് പറഞ്ഞു. ഞാന്‍ ചില പ്രമേയങ്ങള്‍ പറഞ്ഞപ്പോള്‍ ബാലചന്ദ്രന് എന്നോട് സത്യം പറയാതിരിക്കാന്‍ കഴിഞ്ഞില്ല… ‘നാടകത്തിന്റെ ഫോമിനെക്കുറിച്ച് ഞാന്‍ കണ്‍ഫ്യൂഷനിലാണ് വേക്കന്‍’.
അതൊരു തുറന്നു പറച്ചിലായിരുന്നു… ബാലചന്ദ്രന്‍ നാടകരചനാലോകത്തുനിന്ന് മാറി നില്ക്കാന്‍ ഇതല്ലേ കാരണം… ആ കണ്‍ഫ്യൂഷന്‍ മാറ്റിയെടുക്കാന്‍ ബാലചന്ദ്രന്‍ ശ്രമിക്കാതിരുന്നതെന്തേ…?

Related Articles

Back to top button