BREAKING NEWSKERALALATEST

പി സി ജോര്‍ജിനെ കേരള ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ജോര്‍ജിന് മുത്തം നല്‍കിയ പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം

മലപ്പുറം: കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരി പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള. തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭാസ്‌കരപിള്ളയാണ് പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം, ട്രഷറര്‍ എന്‍ എ നജുമുദ്ദീന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം. അതേസമയം, പുറത്താക്കല്‍ നീക്കത്തോട് പി സി ജോര്‍ജോ മകന്‍ ഷോണ്‍ ജോര്‍ജോ പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് ഏഴിന് പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളര്‍ന്നിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഇ കെ ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളര്‍ന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. ദളിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്.
മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി പാമങ്ങാടനെയും ചെയര്‍മാനായി പാലക്കാട് ജില്ല പ്രസിഡന്റായിരുന്ന ജയന്‍ മമ്പറത്തെയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദര്‍ മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ ജില്ല പ്രസിഡന്റായിരുന്ന എസ് എം കെ മുഹമ്മദലിയെയും തെരഞ്ഞെടുത്തിരുന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളില്‍ (എസ്) ലയിക്കുമെന്ന് മലപ്പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
ഇതിനിടെ, കേരള ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിന്റെ പ്രചാരണപര്യടനത്തിനിടെ മുത്തം നല്‍കിയ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം. പൊന്‍കുന്നം പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കി. കേരള കോണ്‍ഗ്രസ് എം പൂഞ്ഞാര്‍ നിയോജകമണ്ഡലം സെക്രട്ടറി മാത്തുക്കുട്ടി, ചെമ്മലമറ്റം സ്വദേശി മനോജ് എന്നിവര്‍ക്കെതിരേയാണ് പരാതി. മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിനിടയിലാണ് വിദ്യാര്‍ഥിനി പി.സി.ജോര്‍ജിനെ മാല ഇട്ട് സ്വീകരിച്ച് മുത്തം നല്‍കിയത്. പര്യടനത്തിന്റെ ഫോട്ടോ, മോശമായ രീതിയില്‍ അശ്ലീല കമന്റോടുകൂടി ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിപ്പിക്കുകയായിരുന്നു.
സംഭവം നടന്നത് എരുമേലി പഞ്ചായത്തിലായതിനാല്‍ പരാതി എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സാമൂഹമാധ്യമത്തില്‍ പോസ്റ്റുകളിട്ട് അപകീര്‍ത്തിപ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പുപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. നടപടി ആവശ്യപ്പെട്ട് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും സ്ഥാനാര്‍ഥി പി സി ജോര്‍ജും പരാതി നല്‍കി.

Related Articles

Back to top button