KERALALATEST

പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ കൂട്ടത്തോടെ രാജിയെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ യുഡിഎഫ് മുന്നണിയില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ യുഡിഎഫ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നിസാര്‍ കുര്‍ബാനി വ്യക്തമാക്കി.
താന്‍ മാത്രമല്ല രാജിവെക്കുകയെന്നും പൂഞ്ഞാറിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുമെന്നും നിസാര്‍ കുര്‍ബാനി വ്യക്തമാക്കി. ജോര്‍ജ് മുന്നണിയില്‍ വന്ന് പൂഞ്ഞാറില്‍ മത്സരിച്ചാല്‍ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും നിസാര്‍ കുര്‍ബാനി പറയുന്നു. 1987 ആവര്‍ത്തിക്കുമെന്നാണ് ഇവരുടെ നിലപാട്. അന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യുഡിഎഫില്‍ നിന്നുകൊണ്ട് പിസി ജോര്‍ജ് മത്സരിച്ചപ്പോള്‍ ഇതിനെതിരെ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ജനതാദള്‍ നേതാവായിരുന്ന എന്‍ എം ജോസഫ് ആയിരുന്നു അന്ന് സ്ഥാനാര്‍ഥി ആയത്. ആ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിനെ എന്‍ എം ജോസഫ് പരാജയപ്പെടുത്തിയിരുന്നു. ഇതേ സ്ഥിതി വീണ്ടും ആവര്‍ത്തിക്കും എന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്.
പി സി ജോര്‍ജ് 2019 ല്‍ നടത്തിയ ഫോണ്‍ സംഭാഷണം ആധാരമാക്കിയാണ് പ്രദേശത്തെ കോണ്‍ഗ്രസ്മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും എതിര്‍പ്പുമായി രംഗത്തെത്തിയത്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഏറെയും തീവ്രവാദികള്‍ ആയി മാറുന്നു എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ അന്ന് തന്നെ വലിയ വിമര്‍ശനമുണ്ടായിരുന്നു. ഇന്നലെ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് ഇതില്‍ മാപ്പ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹം തനിക്ക് മാപ്പ് തന്നു എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ ഇതേ ഫോണ്‍ സംഭാഷണം വീണ്ടും പ്രാദേശിക നേതൃത്വം ആയുധമാക്കി. ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും നേരില്‍കണ്ട് നിസാര്‍ കുര്‍ബാനിയുടെ നേതൃത്വത്തിലുള്ള സംഘം എതിര്‍പ്പ് അറിയിച്ചു.
കേവലം മുസ്ലിം വിരുദ്ധ പരാമര്‍ശം കൊണ്ടുമാത്രമല്ല പിസി ജോര്‍ജിനെ പ്രാദേശിക യുഡിഎഫ് നേതൃത്വം എതിര്‍ക്കുന്നത്. കാലങ്ങളായി പ്രാദേശിക കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ പി സി ജോര്‍ജിന് എതിരാണ്. ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ളവര്‍ ജോര്‍ജുമായി നേരിട്ട് ഏറ്റുമുട്ടുന്ന സമീപനമാണുള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനെ പിന്തുണച്ചുകൊണ്ട് ജോര്‍ജ് നിലപാട് എടുത്തതും ഇതിനു കാരണമാണ്.
അന്ന് ആന്റോ ആന്റണിക്കെതിരെ പിസി ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും ജോര്‍ജ് പരസ്യമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജ് മുന്നണിയിലേക്ക് വരാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് നടക്കാതെ പോയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തോല്‍വി ഉണ്ടായതോടെയാണ് വീണ്ടും പിസി ജോര്‍ജിനെ മുന്നണിയിലെടുക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
ജോര്‍ജ് കൂടി മുന്നണിയില്‍ എത്തിയാല്‍ മധ്യകേരളത്തില്‍ അത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫില്‍ ഇരുത്തല്‍. ചില ക്രൈസ്തവസഭകളും ജോര്‍ജിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതും യുഡിഎഫ് നേതൃത്വത്തിനു മുന്നിലുള്ള സമ്മര്‍ദ്ദമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടക്കം ജോര്‍ജ് മുന്നണി കള്‍ക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചപ്പോള്‍ സഭയുടെ പിന്തുണ ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലിം വിഭാഗങ്ങള്‍ ഒരുമിച്ച് ജോര്‍ജിനെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് സഭ പിന്തുണയുമായി രംഗത്തെത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് ബന്ധത്തിന്റെ പേരില്‍ സഭകള്‍ യുഡിഎഫുമായി അകന്ന് നിന്നിരുന്നു. മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് അകലുന്നതിന് ഇത് കാരണമായി. ചില മുസ്ലിം മത നേതാക്കളും ജോര്‍ജിനെയും മുന്നണിയില്‍ എടുക്കരുതെന്ന് അഭിപ്രായപ്പെട്ട് കത്ത് നല്‍കിയതായി നിസാര്‍ കുര്‍ബാനി പറയുന്നു. എതിര്‍പ്പ് ശക്തമായതോടെയാണ് സഭകളില്‍ നിന്നുള്ള പിന്തുണ ജോര്‍ജിനെ തേടിയെത്തിയത്.

ഏതായാലും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്ത് ഈരാറ്റുപേട്ടയില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും. ഇതിന്റെ തുടക്കമായാണ് ഇന്നലെ മുന്നൂറോളം പേര്‍ പങ്കെടുത്ത പ്രകടനം ഈരാറ്റുപേട്ടയില്‍ നടന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker