BREAKING NEWSKERALALATEST

പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പ്രചാരണം തള്ളി ജയരാജന്‍

സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ചതിലെ നിരാശയും പ്രതിഷേധവും പരസ്യമായി പ്രകടിപ്പിച്ച് പി.ജെ.ആര്‍മി. അരലക്ഷത്തിലേറെ പേര്‍ അംഗങ്ങളായുള്ള പി.ജെ.ആര്‍മിയുടെ ഫെയ്‌സ്ബുക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവര്‍ത്തകര്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയത്. 32,000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫീഷ്യല്‍ പേജിലും ‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സൈബര്‍ പേജുകളിലും അണികള്‍ പരസ്യവിമര്‍ശനമുയര്‍ത്തുന്നുണ്ട്. കടുത്ത പിജെ ആരാധകര്‍ സ്വന്തം ഫെയ്‌സ്ബുക് വാളിലും വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രചാരണങ്ങളെ തള്ളി പി.ജയരാജന്‍ രംഗത്തെത്തി. സ്ഥാനാര്‍ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളില്‍നിന്നു പാര്‍ട്ടി ബന്ധുക്കള്‍ വിട്ടു നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ജയരാജനു വേണ്ടി പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ട പി.ജെ. ആര്‍മി എന്ന സമൂഹമാധ്യമ കൂട്ടായ്മയെയും ജയരാജന്‍ തള്ളിപ്പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ശനി വൈകിട്ടോടെയായിരുന്നു ജയരാജന്റെ പ്രതികരണം.

ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
‘നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങള്‍ നടന്നു വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏതു ചുമതല നല്‍കണം എന്നതു പാര്‍ട്ടിയാണു തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനയ്ക്കു വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല.
അതിനാല്‍തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളില്‍നിന്നു പാര്‍ട്ടി ബന്ധുക്കള്‍ വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ചിലരുടെ പ്രചാരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഇകഴ്ത്തി കാണിക്കാനും ശ്രമം നടക്കുന്നതായാണു തിരിച്ചറിയേണ്ടത്. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ.
ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണു സ്ഥാനാര്‍ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എന്നെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു. പി.ജെ. ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കു ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു പാര്‍ട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്..’

അതേസമയം പി.ജെ.ആര്‍മിയുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രചാരണമാണു നടക്കുന്നത്.
‘ഭാര്യമാര്‍ക്ക് സീറ്റ് താലത്തില്‍ വച്ചു നല്‍കുന്നു’
ജയരാജനെ അനുകൂലിച്ചുള്ള പോസ്റ്റുകളിലെ കമന്റുകളില്‍ ചിലത് ഇങ്ങനെ: ‘പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കുവരെ സീറ്റ് താലത്തില്‍ വച്ചു നല്‍കുമ്പോള്‍ പാര്‍ട്ടിക്കു വേണ്ടി ജീവന്‍ പണയം വച്ചു പോരാടിയ സഖാവ് പി.ജയരാജന് എന്തുകൊണ്ട് സീറ്റില്ല? എന്തുകൊണ്ട് മത്സരിക്കുന്നില്ല..??! താഴെത്തട്ടിലെ സഖാക്കളുടെ വികാരം തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിയാത്തതെന്തുകൊണ്ട്…??!’
‘ഭാര്യമാരെയും, പിന്നണി ഗായികമാരെയും തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനോടൊപ്പംതന്നെ പാര്‍ട്ടിയെ ജീവനാഡിയായി കൊണ്ടുനടക്കുന്ന സഖാവ് പി.ജയരാജനെയും ടി.ശശിധരനെയും ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…’
‘പിണറായിക്കാലം അവസാനിക്കുന്ന ഒരു നാള്‍ വരും, അവിടെ മുതല്‍ പിജെകാലം തുടങ്ങും. അന്ന് ഞാന്‍ പാര്‍ട്ടിയിലേക്കു തിരികെ വന്ന് വീണ്ടും ഈ ചെങ്കൊടിയേന്തും. അതുവരെ വിട സഖാക്കളെ. ലാല്‍സലാം!!
‘ഒരു കമ്യൂണിസ്റ്റുകാരി എന്ന നിലയില്‍ എനിക്ക് സങ്കടം തോന്നിയ നിമിഷം. സ്വന്തം ജീവനും ജീവിതവും വരെ പാര്‍ട്ടിക്ക് ദാനം ചെയ്ത സഖാവിനെ പാര്‍ട്ടിതന്നെ മാറ്റി നിര്‍ത്തിയെന്ന് അറിഞ്ഞപ്പോള്‍ ഉള്ള് പിടഞ്ഞു പോയി..’
‘അങ്ങേക്ക് പകരം അങ്ങ് മാത്രം. പകരമായി ഒരു സഖാവിനെയും കാണാന്‍ കഴിയില്ല. തന്നേക്കാള്‍ വലുതായി മാറ്റാരും വളരേണ്ട എന്ന് തീരുമാനിക്കുന്ന, പാര്‍ട്ടിക്കാരെ വരെ ഒറ്റിക്കൊടുക്കുകയും ചതിക്കുകയും ചെയ്യുന്ന നേതാക്കളെ എന്നും വെറുപ്പാണ്. ആദ്യം വിഎസ് സഖാവിനെ മാറ്റി നിര്‍ത്തി, ഇപ്പോള്‍ ജയരാജ് സഖാവിനെയും..’
‘ഒരിക്കലും പൊറുക്കില്ല..പാര്‍ട്ടിയോടുതന്നെ വെറുപ്പ് തോന്നിയ നിമിഷം. പ്രസ്ഥാനത്തോടു വിട പറയാന്‍ തോന്നിയ നിമിഷം. എന്റെ വോട്ട് ഇത്തവണ പാര്‍ട്ടിക്ക് ഇല്ല…’
‘പാര്‍ട്ടി എന്തുകൊണ്ടാണ് അദ്ദേഹത്തിനോട് ഇങ്ങനെ അനീതി കാണിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ആര്‍എസ്എസ് കോണ്‍ഗ്രസ് തെമ്മാടികളോടു സന്ധിയില്ലാ സമരം ചെയ്തു മരണത്തോടു മല്ലിട്ടു ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന വീരനാണ് പിജെ. അങ്ങനെ ഉള്ള അദ്ദേഹത്തെ ഒഴിവാക്കി, പണം വാങ്ങി ഭാര്യക്കും മരുമോള്‍ക്കും ഇന്നലെ കയറി വന്ന സിനിമാ നടന്മാര്‍ക്കും സീറ്റ് കൊടുക്കുന്ന പാര്‍ട്ടി പ്രവണത അപലപനീയം ആണ്. പാര്‍ട്ടി അതിന്റെ തനതായ മൂല്യത്തില്‍നിന്ന് അകന്ന് ക്യാപ്പിറ്റലിസ്റ്റ് മാടമ്പിത്തരവും നെപോട്ടിസ്റ്റിക്ക് പ്രവണതകളും കാണിക്കാന്‍ തുടങ്ങിയതിന്റെ സൂചനയായെ കാണാന്‍ കഴിയൂ..’
‘സിപിമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ ഇന്നിരിക്കേണ്ട വ്യക്തിയാണ് സഖാവ് പി.ജയരാജന്‍. ആ ജയരാജന്റെ പാര്‍ട്ടിയിലെ ഇന്നത്തെ സ്ഥാനം വെറും സംസ്ഥാന കമ്മിറ്റിയിലാണ്. അതായത് സഖാവ് പിജെയേക്കാള്‍ എത്രയോ ജൂനിയറായ ബാലഗോപാലന്‍ നായരും രാജീവ് നായരും വരെ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയിരിക്കുന്നു. ഇപ്പോള്‍ പുറത്തു വരുന്ന സ്ഥാനാര്‍ഥി പട്ടിക അനുസരിച്ചു പാര്‍ലമെന്റില്‍ മത്സരിച്ചു തോറ്റ, ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിലും മല്‍സരിച്ചു ജയിക്കാത്ത ബാലഗോപാലന്‍ നായര്‍ക്കും രാജിവ് നായര്‍ക്കും സീറ്റുണ്ട്. പാലക്കാട്ട് രാജേഷ് നായര്‍ക്കും സീറ്റുണ്ട്.’
‘പാര്‍ട്ടി ഗ്രൂപ്പിസത്തില്‍ സഖാവ് വിഎസിനെ ഒറ്റിയവര്‍ക്കെല്ലാം പിണറായി സീറ്റുകള്‍ നല്‍കുകയാണ്, വിഎസിനു ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നു പറഞ്ഞ സ്വരാജ് നായര്‍ക്കു വരെ കഴിഞ്ഞ തവണ സീറ്റ് നല്‍കി. വിഎസിനൊപ്പംനിന്ന സഖാവ് ഗുരുദാസനെപ്പോലുളളവരെ വെട്ടിയൊതുക്കി’
സിപിഎം – ആര്‍എസ്എസ് ബാന്ധവത്തെ എതിര്‍ത്തതിനോ?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ പി.ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതിനെയും കമന്റുകളില്‍ അണികള്‍ വിമര്‍ശിക്കുന്നുണ്ട്.
‘ലോക്‌സഭ തിരഞ്ഞെടുപ്പ് കാലം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരായ വി.എന്‍. വാസവനും പി.ജയരാജനും മത്സരിക്കുന്നു. വാസവനു പകരം കോട്ടയത്തു താല്‍ക്കാലിക സെക്രട്ടറി വരുന്നു. കണ്ണൂരില്‍ പി. ജയരാജനു പകരം സ്ഥിരം സെക്രട്ടറിയും! അന്നേ പിണറായി ഉന്നം വച്ചതാണ് ജയരാജനെ മൂലയ്ക്കിരുത്താന്‍. തന്നേക്കാളും ജനപിന്തുണ ഉണ്ടെന്ന തോന്നലാണു പിണറായിക്കു ജയരാജനു മേല്‍ ഇത്രമേല്‍ അയിത്തം കല്‍പിക്കാന്‍. ഒടുവില്‍ പുറത്തു വരുന്നു ആര്‍എസ്എസിന്റെ ആവശ്യപ്രകാരമാണ് ജയരാജനെ ഇങ്ങനെ ഒതുക്കിയതെന്നും. സിപിഎം – ആര്‍എസ്എസ് ബാന്ധവത്തിനു ജയരാജന്‍ എതിര്‍ നിന്നോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്…’
അതേസമയം പി.ജയരാജനെ അനുകൂലിച്ചുള്ള കമന്റുകളെ തിരുത്തി പാര്‍ട്ടി അണികളും പ്രതികരിക്കുന്നുണ്ട്. ‘പാര്‍ട്ടിയില്‍ വ്യക്തി ഇല്ല എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസമുള്ളവര്‍ക്ക് അറിയാം. പാര്‍ട്ടി പറയുന്നതാണു ശരി. അല്ലാതെ ഒരു വ്യക്തിയെ വലുതാക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച പേരറിയാത്ത എത്രയോ പേരുണ്ട്. പാര്‍ട്ടിസ്ഥാനം കിട്ടിയതുകൊണ്ട് അറിയുന്നതു പോലെ അല്ല അത്. അവരുടെയൊക്കെ രക്തം തന്നെ ആണ് ഈ പാര്‍ട്ടിയും.
‘പിജെയും പിണറായിയും പാര്‍ട്ടിയില്‍ ഉള്ളപ്പോഴാണ് അവരു വലിയവര്‍. പാര്‍ട്ടിയ്ക്ക് എതിരെ ആണെങ്കില്‍ അവര്‍ വെറും പേരു മാത്രം. അത് ഓര്‍ക്കുന്നത് നല്ലതാണ്. ഇവരേക്കാള്‍ വലിയ നേതാവ് ആയിരുന്നു എം.വി. രാഘവന്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്’
‘പിജെയും പിണറായിയും വിഎസുമെല്ലാം പാര്‍ട്ടി നേതാക്കള്‍ ആണ്. അതില്‍ വലിയവന്‍ ചെറിയവന്‍ എന്ന് ഇല്ല…’
‘ആരാധന നല്ലതാണ് അല്ലാതെ അത് പാര്‍ട്ടിയെ വെല്ലുവിളിച്ചു തെറ്റിദ്ധാരണ പരത്തിക്കൊണ്ടല്ല…’
പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പാര്‍ട്ടി നിലപാടിനെ വിമര്‍ശിക്കുന്നത് കണ്ട് ആവേശഭരിതരായ ചില ഇടതുവിരുദ്ധര്‍ ഈ പേജുകളില്‍ പി.ജയരാജനെ പുകഴ്ത്തിയും പ്രത്യക്ഷ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തും കമന്റുകളിട്ടിരുന്നു. കുളംകലക്കാനുള്ള ഇത്തരക്കാരുടെ ശ്രമങ്ങള്‍ പി.ജെ. ആര്‍മി അംഗങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നുമുണ്ട്.
കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ തല്‍ക്കാലം അപ്രൂവ് ചെയ്യില്ലെന്ന് പിജെ ആര്‍മി ഒഫിഷ്യല്‍ പേജ് അഡ്മിന്‍ അറിയിച്ചിട്ടുണ്ട്. അണികളുടെ അതൃപ്തി സിപിഎം സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയെ ബാധിക്കാനുള്ള സാഹചര്യം മുന്നില്‍ക്കണ്ടാണു നടപടി.

Related Articles

Back to top button