BREAKING NEWSKERALA

സീറ്റ് കൈവിട്ടു പോകാതിരിക്കാന്‍ ഇപ്പോഴേ കുരുക്കിട്ട് ജോസഫ്, ലക്ഷ്യം കോണ്‍ഗ്രസിന്റെ കരുനീക്കം തടയുക

കോട്ടയം: ജോസ്.കെ.മാണി മുന്നണി വിടുന്ന സാഹചര്യത്തില്‍ കോട്ടയത്തെ സീറ്റുകള്‍ സ്വന്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് നേരിട്ടുള്ള മറുപടിയുമായി പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടു നല്‍കില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. പത്രങ്ങളില്‍ സീറ്റുകളെക്കുറിച്ചുള്ള മോഹങ്ങള്‍ എഴുതിയിട്ട് കാര്യമില്ല എന്നായിരുന്നു ജോസഫിന്റെ ഒളിയമ്പ്. കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പി.ജെ ജോസഫ് തുറന്നുപറച്ചില്‍ നടത്തിയത്.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ജോസഫിന്റെ മുന്നറിയിപ്പ്. ഓരോ മണ്ഡലത്തിലെ പ്രത്യേകതകളും പി.ജെ ജോസഫ് എടുത്തുപറഞ്ഞു. ചങ്ങനാശേരിയിലും ഏറ്റുമാനൂരും ഒക്കെ ജോസ് പക്ഷത്തുനിന്ന് കൂടുതല്‍ നേതാക്കള്‍ എത്തിയകാര്യം ജോസഫ് ചൂണ്ടിക്കാട്ടി. മാത്രമല്ല ഇവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കിയെന്നും ജോസഫ് പറയുന്നു.
ചങ്ങനാശ്ശേരി, പാലാ, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകള്‍ സ്വന്തമാക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം തുടങ്ങിയത്. പല നേതാക്കളും അവരവര്‍ ലക്ഷ്യമിടുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് തുറന്നടിച്ച് പി.ജെ ജോസഫ് രംഗത്തെത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്, ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ്, കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എന്നിവരടക്കം നിരവധി നേതാക്കള്‍ ആണ് വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടാന്‍ നീക്കം നടത്തുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വിട്ട് ചങ്ങനാശ്ശേരിയില്‍ എത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ജോസ് പോയതോടെ ജോസഫ് പക്ഷത്തേക്കും നിരവധി നേതാക്കള്‍ എത്തിയിരുന്നു. ഇവരും സീറ്റുകള്‍ മോഹിക്കുന്നുണ്ട്. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം യുഡിഎഫിന് വീണ്ടും തലവേദനയാകും എന്നുറപ്പാക്കുന്നതാണ് ജോസഫിന്റെ വാക്കുകള്‍. ചില സീറ്റുകള്‍ വിട്ടു നല്‍കേണ്ടി വന്നാലും പരമാവധി സീറ്റുകള്‍ നേടാനുള്ള നീക്കമാകും കേരള കോണ്‍ഗ്രസിലെ തര്‍ക്കകാലത്ത് പി.ജെ ജോസഫ് നടത്തുക. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, ജോസഫ്.എം.പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പില്‍, വിക്ടര്‍ ടി തോമസ്, അറക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്‍ തുടങ്ങി നിരവധി പേര്‍ മാണി പക്ഷത്തുനിന്നും വിവിധ പാര്‍ട്ടികളില്‍ നിന്നുമായി ജോസഫില്‍ എത്തിയിട്ടുണ്ട്.
ഇവരില്‍ പലര്‍ക്കും സീറ്റ് നല്‍കിയില്ലെങ്കില്‍ ജോസഫ് ഗ്രൂപ്പിലും പൊട്ടിത്തെറി ഉണ്ടാകും. ഇതുകൂടി മുന്നില്‍കണ്ടാണ് ജോസഫ് ഒരുപടി മുന്നേ ഇറങ്ങിയത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടെങ്കിലും കോട്ടയത്ത് സീറ്റ് നല്‍കാനാകാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോട്ടയംകാരനായ കെ.സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂറില്‍ സീറ്റ് നല്‍കേണ്ടി വന്നതും, ജോസഫ് വാഴക്കന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ മത്സരിക്കേണ്ടി വരുന്നതും ഈ കാരണത്താലാണ്. എന്തായാലും ജോസ്.കെ.മാണി മുന്നണിവിട്ടത് കണ്ട് സീറ്റ് മോഹിക്കുന്ന കോട്ടയത്തെ നേതാക്കളുടെ ആഗ്രഹം അത്രയെളുപ്പം സഫലം ആകില്ലെന്നാണ് ജോസഫിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker