BREAKING NEWSKERALA

പാലായിലെ സ്ഥാനാര്‍ത്ഥികളെ ജോസഫ് പ്രഖ്യാപിച്ചു; യുഡിഎഫ്- മാണി സി കാപ്പന്‍, എല്‍ഡിഎഫ് – റോഷി അഗസ്റ്റിന്‍

കോട്ടയം: പാലായിലെ ഇടത് എം എല്‍ എ മാണി.സി.കാപ്പന്‍ യു ഡി എഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കാപ്പന്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയായി പാലയില്‍ മത്സരിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ഇതിനിടെയാണ് കോട്ടയം ജില്ലാ യു ഡി എഫ് യോഗത്തിലെ പ്രസംഗത്തില്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞത്.
റോഷി അഗസ്റ്റിന്‍ ഇടുക്കി വിട്ടു പാലായില്‍ എത്തും. ഇടുക്കിയില്‍ ഇനി മത്സരിച്ചാല്‍ 22000 വോട്ടുകള്‍ക്ക് എങ്കിലും റോഷി അഗസ്റ്റിന്‍ പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് പാലായിലേക്ക് റോഷി കണ്ണ് നട്ടത്. പാലായില്‍ മത്സരം റോഷിയും കാപ്പനും തമ്മില്‍ ആകും എന്നാണ് പിജെ ജോസഫ് തുറന്നടിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെ വേദിയില്‍ ഇരുത്തിയാണ് ജോസഫ് മാണി സി കപ്പന്റെ പേര് പറഞ്ഞത്. റോഷി അഗസ്റ്റിന്‍ പാലായില്‍ എത്തുന്നതോടെ ജോസ് കെ മാണിക്ക് കടുത്തുരുത്തിയില്‍ മത്സരിക്കേണ്ടി വരുമെന്നും ജോസഫ് പറയുന്നു.
എന്നാല്‍ 42000 വോട്ട് ഭൂരിപക്ഷം ഉള്ള മോന്‍സ് ജോസഫിനെതിരെ മത്സരിക്കാന്‍ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ എന്നാണ് ജോസഫിന്റെ സംശയം. ജോസ് കെ മാണി ഉള്‍പ്പെടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോല്‍ക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. എട്ട് സീറ്റുകളില്‍ ആണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക എന്നും പി ജെ ജോസഫ് പറയുന്നു. അതിനിടെ പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് ആവര്‍ത്തിച്ച് ശരത് പവാറുമായി കഴിഞ്ഞദിവസം കാപ്പന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ആവശ്യമെങ്കില്‍ മുന്നണി മാറ്റത്തിന് പോലും എന്‍ സി പിയിലെ ഒരുഭാഗം തയ്യാറായിക്കഴിഞ്ഞു. ശരത് പവാര്‍ തന്നെ സീറ്റ് വിട്ടു നല്‍കാനാകില്ലെന്ന് എല്‍ ഡി എഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം. മുന്നണി മാറ്റത്തോട് ശരത് പവാറിന് യോജിപ്പില്ലെന്നും വിവരമുണ്ട്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിന് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും പി ജെ ജോസഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഗ്രൂപ്പ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വന്‍ വിജയം ഉണ്ടായത്. ഉമ്മന്‍ ചാണ്ടി ഒറ്റയാള്‍ പറഞ്ഞാല്‍ കോട്ടയം ജില്ലയില്‍ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും പി ജെ ജോസഫ് യോഗത്തില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനാണ് കോട്ടയത്ത് യുഡിഎഫ് നേതാക്കള്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് മുസ്ലിംലീഗ് ഉള്‍പ്പെടെ ജില്ലയിലെ ഘടകകക്ഷികള്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, സീറ്റ് തീരെ കിട്ടാത്ത സാഹചര്യം ഉണ്ടാകരുത്. വിജയസാധ്യത ആകണം സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് പ്രധാന മാനദണ്ഡം. ജോസ് കെ മാണി മുന്നണി വിട്ട് പോയ സാഹചര്യത്തില്‍ പല സീറ്റുകളിലും കോണ്‍ഗ്രസ് കണ്ണ് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യു ഡി എഫിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകാന്‍ ആണ് സാധ്യത.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker