കണ്ണൂര്‍: മനു തോമസിന്റെ ആരോപണങ്ങളോട് ഒന്നും പറയാനില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. മനു തോമസിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മൗനം വിദ്വാന് ഭൂഷണം എന്നായിരുന്നു പി ജയരാജന്‍ മറുപടി നല്‍കിയത്. വിഷയത്തില്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പ്രതികരിച്ചില്ല.
പാര്‍ട്ടി വിട്ട മനു തോമസ് ?ഗുരുതര ആരോപണങ്ങളായിരുന്നു പി ജയരാജനെതിരെയും സിപിഐഎമ്മിനെതിരെയും ഉന്നയിച്ചത്. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമര്‍ശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനാലുള്ള സ്വാഭാവിക നടപടിയായാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതെന്നാണ് മുന്‍പ് കണ്ണൂരിലെ സിപിഐഎം നേതൃത്വം പറഞ്ഞിരുന്നത്.
ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു.അര്‍ജുന്‍ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്നും സംഘടനാ ബന്ധങ്ങള്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും മനു തോമസ് പറഞ്ഞിരുന്നു.
1,087 Less than a minute