തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷവിമര്‍ശനമുയര്‍ന്ന സി.പി.എം. സംസ്ഥാനസമിതിയില്‍ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജന്‍. ഭാവിയില്‍ കെ.കെ. ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം.
വടകരയിലെ ജനങ്ങള്‍ക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണ്- ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജന്‍ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ സമീപനവും സാധരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ പരാമര്‍ശത്തിന് രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. വിമര്‍ശനങ്ങള്‍ക്കൊന്നും യോഗത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല.
പാര്‍ട്ടിയിലെ ഒരുനേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ, അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നരീതി സി.പി.എമ്മിലില്ല. ഗൗരിയമ്മ മുതല്‍ വി.എസ്. അച്യുതാനന്ദന്‍വരെയുള്ളവരുടെ പേരുകള്‍ അങ്ങനെ ഉയര്‍ന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അസാധാരണ നീക്കമായി ജയരാജന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.
1,083 Less than a minute