KERALALATESTVAYANADU

പി കെ ജയലക്ഷ്മിക്ക് എതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചു

കല്‍പ്പറ്റ: മുന്‍മന്ത്രിയും എ.ഐ.സി.അംഗവുമായ പി.കെ.ജയലക്ഷ്മിക്കെതിരായ കേസുകള്‍ വിജിലന്‍സ് അവസാനിപ്പിച്ചു. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ക്രമക്കേടുകള്‍ കണ്ടെത്താനാകാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നല്‍കിയ വിവരാവാകാശ രേഖയില്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ അവര്‍ക്കെതിരെ യാതൊരു കേസുകളും ഇല്ലന്നും മറുപടിയിലുണ്ട്. ജയലക്ഷ്മി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ യുവജന കാര്യ വകുപ്പ് മന്ത്രിയായിരിക്കെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ പദ്ധതികളില്‍ ക്രമക്കേട് ഉണ്ടന്ന് ആരോപിച്ച് ഒരു പ്രമുഖ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.
വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ചാനലില്‍ നല്‍കിയ വാര്‍ത്തക്കെതിരെ ജയലക്ഷ്മി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇതേ സമയം വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ജേക്കബ്ബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ഈ കേസുകള്‍ അന്വേഷിക്കുന്നതിന് വയനാട്ടില്‍ നേരിട്ട് എത്തുകയും ചെയ്തു. അവസാനം ക്രമക്കേടുകള്‍ കണ്ടെത്താനാകാതെ വിജിലന്‍സിന് സമയ നഷ്ടം വരുത്തുന്നതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഈ വാര്‍ത്തക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനും ജയലക്ഷ്മി നല്‍കിയ പരാതിയില്‍ കേസ് നില നില്‍ക്കുന്നുണ്ട്.

Related Articles

Back to top button