ALAPPUZHABREAKING NEWSKERALALATESTLOCAL NEWSNEWS

സഖാവ് പി.ക്യഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്; പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ കഞ്ഞിക്കുഴിയിലെ സഖാവ് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രൻ, കണർകാട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി സാബു, സി ആർ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരെയാണ് ആലപ്പുഴ പ്രിൻസിപ്പിൽ സെഷൻസ് കോടതി വെറുതെ വിട്ടത്. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്.

2013 ഒക്ടോബർ 31ന് പുലർച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള സഖാവ് പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേർന്നുള്ള പ്രതിമയും തകർക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ്‌ സ്ഥാപകനായിരുന്ന കൃഷ്ണപിള്ള അവസാന നാളുകൾ ചിലവഴിച്ചത് കണ്ണർകാട് ചെല്ലിക്കണ്ടത് വീട്ടിൽ ആയിരുന്നു. അവിടെ വെച്ചാണ് പാമ്പ് കടിയേറ്റു മരിക്കുന്നതും. അത് പിന്നീട് സിപിഎം ഏറ്റെടുക്കുകയും സ്മാരകമാക്കുകയുമായിരുന്നു.

ആദ്യം കേസ് അന്വേഷണം അന്വേഷിച്ചത് ലോക്കൽ പൊലീസാണ്. അതിനുശേഷം അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രതിമ തകർത്തതിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞ് 2014 നവംബർ 22 ന് സിപിഎം പ്രവർത്തകരെ പ്രതിയാക്കി റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു.

വി. എസ് അച്യുതാന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന മുൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് ഒന്നാം പ്രതി. കണ്ണർകാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പി. സാബുവാണ് രണ്ടാംപ്രതി. സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരും പ്രതികളായിരുന്നു.

Tags

Related Articles

Back to top button
Close