തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ആരംഭിച്ച വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനെത്തിയ സംഭവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി.പി.എം ജില്ലാ നേതൃത്വം. നെടുമങ്ങാട്ടെ വര്‍ക്ഷോപ് ഉദ്ഘാടനത്തിന് ശ്രീരാമകൃഷ്ണന് എത്തിയത് പാര്‍ട്ടിയില്‍ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കുമ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സ്പീക്കര്‍ പങ്കെടുത്തപ്പോഴും ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്ന നെടുമങ്ങാട് എംഎല്‍എ സി.ദിവാകരന് പങ്കെടുത്തില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എംഎല്‍എ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. എന്നാല്‍ സഭാ സമ്മേളനത്തിനിടയിലും സ്പീക്കര്‍ ഉച്ചയോടെയാണ് ഉദ്ഘാടനത്തിനെത്തിയത്.
2019 ഡിസംബര്‍ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാര്‍ഥം ഉച്ചയോടെയാണു നടന്നത്. ദിവാകരന് മാത്രമല്ല, മറ്റു സിപിഐ പ്രതിനിധികളും സിപിഎം ഏരിയ സെക്രട്ടറിയും ചടങ്ങില്‍ നിന്നു വിട്ടുനിന്നു.