കൊച്ചി: കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന് എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ പി ടി തോമസ് എംഎല്‍എയും ഇവിടെയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയതിന് തൊട്ടുപിന്നാലെ എംഎല്‍എ ഇവിടെ നിന്ന് പോവുകയും ചെയ്തു.
പണം കണ്ടെടുത്ത വീടിന്റെ ഉടമയായ രാജീവനില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന് എന്നയാളും ഇവിടെയുണ്ടായിരുന്നു. ഇയാള്‍ കൊണ്ടുവന്ന പണമെന്നാണ് കരുതുന്നത്. ഈ പണമിടപാടില്‍ എംഎല്‍എയ്ക്ക് എന്താണ് പങ്കെന്ന് ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, രാധാകൃഷ്ണന് ഭൂമിത്തര്‍ക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എംഎല്‍എ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്റെ വിശദീകരണം. എന്നാല്‍, വിഷയത്തില്‍ പി ടി തോമസ് എംഎല്‍എയെ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.