BREAKING NEWSKERALA

‘കാനയിലും കനാലിലുമൊന്നുമല്ല, സിയെറ ലിയോണിലാണ് ഉള്ളത്’ ആഫ്രിക്കയില്‍ നിന്ന് പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ

സിയെറ ലിയോണിലാണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് താനിപ്പോള്‍ ഉള്ളതെന്ന് പി വി അന്‍വര്‍ എം എല്‍ എ. ഫേസ്ബുക്കിലൂടെയാണ് എം എല്‍ എ ഇക്കാര്യം അറിയിച്ചത്. ബിസിനസിന് ആയാണ് താന്‍ ആഫ്രിക്കയില്‍ എത്തിയത്.നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെയാണ് ആഫ്രിക്കയില്‍ ബിസിനസ് ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ.. മൂത്ത കോണ്‍ഗ്രസുകാരേ.. നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്’ എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് പി വി അന്‍വര്‍ എം എല്‍ എ വീഡിയോ പങ്കു വച്ചിരിക്കുന്നത്.
നൂറോളം തൊഴിലാളികളും തന്റെ ഒപ്പമുണ്ട്. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് കോണ്‍ഗ്രസ് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ഇതിനടയില്‍ കോവിഡും ബാധിച്ചു. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തും. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റില്‍ ആണ് അന്‍വറിന്റെ പ്രതികരണം.

വീഡിയോയ്‌ക്കൊപ്പം പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ്,

‘എന്നെ ഇത്ര മാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ.. മൂത്ത കോണ്‍ഗ്രസുകാരേ.. നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്.. ആദ്യമേ പറയാമല്ലോ.. ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക് വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്. കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്. (വീഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം.എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.) പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്. എല്ലാവരും അവിടൊക്കെ തന്നെ കാണണം. എന്നാല്‍ ശരി. വര്‍മ്മസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ.’
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ അസാന്നിധ്യം ചര്‍ച്ചയാക്കി യു ഡി എഫ് പ്രചരണം നടത്തിയിരുന്നു. അന്‍വറിനെ കണ്ട് കിട്ടുന്നവര്‍ അറിയിക്കണം എന്ന് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. അന്‍വര്‍ ഘാനയില്‍ ജയിലില്‍ ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പേജില്‍ മലയാളത്തില്‍ കമന്റുകളുടെ പ്രവാഹം ആണ്. അതേസമയം അന്‍വര്‍ വ്യാപാര ആവശ്യാര്‍ത്ഥം വിദേശത്ത് ആണെന്ന് ആയിരുന്നു സി പി എമ്മിന്റെ വിശദീകരണം.
ഡിസംബര്‍ അവസാനം ആണ് വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി പിവി അന്‍വര്‍ വിദേശത്ത് പോയത്. ബജറ്റ് സമ്മേളനത്തില്‍ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ അന്‍വറിനെ കാണാന്‍ ഇല്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ താന്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി ആഫ്രിക്കയില് ആണെന്നും കോവിഡ് പോസിറ്റീവ് ആണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

Related Articles

Back to top button