മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ നാട്ടിലെത്തിയിട്ടില്ല. എ വിജയരാഘവന് നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ നിലമ്പൂരിലെ സ്വീകരണ വേദിയില്‍ അന്‍വര്‍ അസാന്നിധ്യം ശ്രദ്ധേയമായി. അന്‍വര്‍ തിരിച്ച് വരും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.
വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി ആഫ്രിക്കന്‍ രാജ്യം ആയ സിയോര ലിയോണയില്‍ ആണ് താന്‍ എന്ന് പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ രണ്ടാഴ്ച മുന്‍പ് പറഞ്ഞിരുന്നു. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ നിലമ്പൂരില്‍ എത്തുമ്പോഴും എംഎല്‍എ വിദേശത്ത് തന്നെ. നിലമ്പൂരില്‍ ജാഥക്ക് ജനപങ്കാളിത്തം ഏറെ ലഭിച്ചു എങ്കിലും പ്രസംഗത്തില്‍ എ വിജയരാഘവന് അന്‍വറിനെ പറ്റിയോ നിലമ്പൂരിലെ സാഹചര്യങ്ങളെ പറ്റിയോ ഒന്നും പറഞ്ഞില്ല.
വാര്‍ത്ത സമ്മേളനത്തില്‍ അന്‍വറിനെ പറ്റി ഉള്ള ചോദ്യങ്ങളോട് പ്രതികരിച്ചതിങ്ങനെ അന്‍വര്‍ ജയിലില്‍ ആണ് എന്നൊക്കെ അല്ലെ പ്രചരിപ്പിച്ചത്. പിന്നെ എന്താ കണ്ടത് അന്‍വര്‍ തൊപ്പിയും കണ്ണാടിയും ഒക്കെ വച്ച് ഉള്ള വിഡിയോ അല്ലെ.. എന്താ ആത്മവിശ്വാസം. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഉള്ള ഊര്‍ജം ഒക്കെ അദ്ദേഹത്തില്‍ ഉണ്ട്. അന്‍വര്‍ ഉടന്‍ തന്നെ നാട്ടില്‍ എത്തും. കൃത്യസമയത്ത് തന്നെ എത്തും. അദ്ദേഹം എന്ന് വരും എന്ന് പാര്‍ട്ടിക്ക് അറിയാം. ടിക്കറ്റും എടുത്തിട്ടുണ്ട്. തല്ക്കാലം ആ സസ്പെന്‍സ് അങ്ങനെ നില്ക്കട്ടെ.
അതേ സമയം സ്ഥലം എം എല്‍ എ രണ്ട് മാസമായി വിട്ടു നില്ക്കുന്നതും ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതിരുന്നതും സജീവ ചര്‍ച്ചയാക്കാന്‍ ഒരുങ്ങുക ആണ് കോണ്‍ഗ്രസ്. രണ്ട് മാസത്തോളം ആയി നിലമ്പൂരില്‍ എംഎല്‍എ ഇല്ല. ബജറ്റ് സമ്മേളനത്തില്‍ പോലും അദ്ദേഹം പങ്കെടുത്തില്ല. നിലമ്പൂരിന് അര്‍ഹമായത് നേടി എടുക്കാനും സംസാരിക്കാനും വേണ്ട സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഇതെല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. അത് പ്രത്യേകം പ്രചരിപ്പിേക്കേണ്ട കാര്യമില്ല. ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു.
പരസ്യമായി പറയുന്നില്ല എങ്കിലും അന്‍വര്‍ തിരിച്ചെത്താത്തതില്‍ ഇടത് പക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തവണ അന്‍വര്‍ മാറി നിന്നേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളും ശക്തമാകുകയാണ്. അന്‍വര്‍ വരും മത്സരിക്കും എന്നൊക്കെ പുറമേക്ക് പറയുന്നുണ്ട് എങ്കിലും പകരം ആരെന്നതും പാര്‍ട്ടി ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. സമകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങളും പരിഹാസവും വിമര്‍ശനവും ഒക്കെ ആയി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് സജീവം ആണ്.
ഫെബ്രുവരി ആറാം തീയതി ആണ് പിവി അന്‍വര്‍ തന്റെ പേജിലൂടെ വീഡിയോ പുറത്ത് വിട്ടത്. അതിന് മുന്‍പ് രമേശ് ചെന്നിത്തല നിലമ്പൂരില്‍ വച്ച് പി വി അന്‍വറിനെതിരെ നിശിത വിമര്‍ശനം ഉന്നയിച്ചു പ്രസംഗിച്ചിരുന്നു. പിന്നാലെ അന്‍വര്‍ ഘാനയില്‍ ആണ് എന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതിന് എല്ലാം മറുപടി ആയിട്ടായിരുന്നു അന്‍വറിന്റെ ഫേസ്ബുക് വീഡിയോ.