BREAKING NEWSKERALA

പി.വി. അന്‍വര്‍ എംഎല്‍എ അര്‍ദ്ധരാത്രിയില്‍ നിലമ്പൂരിലെ കോളനിയില്‍ എത്തി, യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; സംഘര്‍ഷം

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെത്തിയ നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. രാത്രിയില്‍ കോളനിയിലെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്ഥലത്തെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
രാത്രിയില്‍ കോളനിയിലെത്തിയത് എന്തിനെന്നായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം. കോളനി നിവാസികളെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനാണ് എം.എല്‍.എ രാത്രിയിലെത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സ്ഥലത്തെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് എം.എല്‍.എ ആരോപിച്ചു. എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തര്‍ പോത്തുകല്ല് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.
നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ എത്താന്‍ വൈകിയതാണെന്നുമാണ് എം.എല്‍.എയുടെ വിശദീകരണം. വ്യക്തിപരമായ ബന്ധങ്ങളും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറുണ്ട്. അവിടെ കോളനിയില്ല. വ്യക്തിപരമായി അടുപ്പമുള്ള ഒരാളുടെ വീട്ടിലാണ് പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. യുഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ താനുമായി സഹകരിച്ചുവരുന്ന വ്യക്തിയാണെന്നും രാത്രി 11 മണിയോടെ മടങ്ങുമ്പോഴാണ് കയ്യേറ്റം ചെയ്തതെന്നും തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും എം.എല്‍.എ് പറഞ്ഞു.
തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി. അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമമെന്നും എംഎല്‍എ ആരോപിച്ചു.
മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പോയതെന്നും യുഡിഎഫ് ആരോപിച്ചു. എന്നാല്‍ കാലം മാറിയത് ആര്യാടന്‍മാര്‍ !മനസ്സിലാക്കണമെന്നും ആര്യാടന്റെ തട്ടകത്തില്‍ എന്തിനു വന്നു എന്നു ചോദിച്ചാണ് തന്നെ തടഞ്ഞതെന്നും എംഎല്‍എ ആരോപിച്ചു.

Related Articles

Back to top button