ചെന്നൈ: ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിന് വന്‍ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ദളിത് നേതാക്കള്‍ക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിച്ചു.
ചെന്നൈയിലെ സെമ്പിയം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. നഗരത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഗ്രാമങ്ങളില്‍ ദളിതര്‍ എത്രത്തോളം സുരക്ഷിതരായിരിക്കും. സര്‍ക്കാര്‍ എപ്പോഴാണ് ഇതിനൊക്കെ പരിഹാരം കാണുക. ആംസ്ട്രോങിന്റെ മൃതദേഹം പെരമ്പൂരില്‍ സംസ്‌കരിക്കുന്നത് സര്‍ക്കാര്‍ മനഃപൂര്‍വം തടയുകയായിരുന്നു. ഒടുവില്‍ ചെന്നൈക്ക് പുറത്തുള്ള പോട്ടൂര്‍ എന്ന ഗ്രാമത്തില്‍ സംസ്‌കരിക്കേണ്ടി വന്നു. ദളിത് ജനങ്ങളോടും ദളിത് നേതാക്കളോടും ഡി.എം.കെയ്ക്ക് ശരിക്കും താത്പര്യമുണ്ടോ-രഞ്ജിത്ത് ചോദിച്ചു.
”ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള പ്രധാനപ്പെട്ട കാരണം ദളിത് വോട്ടുകളാണെന്ന കാര്യം വിസ്മരിക്കരുത്. സാമൂഹികനീതി ഉയര്‍ത്തിക്കാട്ടുന്ന ഡി.എം.കെ. യഥാര്‍ഥത്തില്‍ ഇതു നടപ്പാക്കുന്നുണ്ടോ. കേസിലെ പോലീസ് അന്വേഷണത്തില്‍ സംശയമുണ്ട്. കീഴടങ്ങിയവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. ആരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആരാണ് അവരെ അതിലേക്കു നയിച്ചത്”- രഞ്ജിത് ചോദിച്ചു. ആംസ്‌ട്രോങ്ങിനെ റൗഡിയായി മുദ്രകുത്താന്‍ ശ്രമിക്കുന്ന സാമൂഹിക മാധ്യമങ്ങളെയും വിമര്‍ശിച്ചു.
ദളിതരുടെ ആത്മാഭിമാനത്തിന് വേണ്ടി സമരം ചെയ്യുന്നവരെ റൗഡികള്‍ എന്ന് വിളിക്കുന്നത് തെറ്റാണ്. ദളിത് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത നീതിയും സുരക്ഷയും എവിടെയാണ്. തമിഴ്‌നാട്ടിലുടനീളമുള്ള ദളിത് സമുദായങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് രഞ്ജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്. അംബേദ്കര്‍ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ് രഞ്ജിത്തും ആംസ്ട്രോങ്ങും. രഞ്ജിത്തിന്റെ നീലം ഫൗണ്ടേഷന്‍ സംഘടിപ്പിക്കാറുള്ള പരിപാടികളില്‍ ആംസ്ട്രോങ് പങ്കെടുക്കാറുണ്ടായിരുന്നു.
88 1 minute read