BREAKING NEWSKERALA

നെല്ലെടുപ്പ് വൈകുന്നു; കോട്ടയത്ത് കൃഷിക്കാരന്റെ ആത്മഹത്യാശ്രമം

ഏറ്റുമാനൂര്‍: നെല്ലുസംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കൃഷിക്കാരന്റെ ആത്മഹത്യാശ്രമം. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കോട്ടയം ജില്ലയില്‍ കൃഷിക്കാരുടെ ആത്മഹത്യാശ്രമം. കഴിഞ്ഞയാഴ്ച കല്ലറയിലും സമാനസംഭവം ഉണ്ടായിരുന്നു. തിങ്കളാഴ്ച നീണ്ടൂര്‍ പഞ്ചായത്തിലെ മാക്കോതറനൂറുപറ പാടശേഖരത്തില്‍, ആര്‍പ്പൂക്കര മഠത്തേടത്ത് തോമസാണ്(50) തിങ്കളാഴ്ച രാവിലെ 8.30ന് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. പോലീസെത്തി ഇദ്ദേഹത്തെ പിന്‍തിരിപ്പിച്ചു. 50 ഏക്കറിലാണ് ഇദ്ദേഹത്തിന് കൃഷിയുള്ളത്.
നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭരണത്തിനായി മറ്റു പാടശേഖരങ്ങളിലേക്ക് പോവുകയായിരുന്ന ലോറികളും തടഞ്ഞു. നെല്ല് കത്തിച്ചും പ്രതിഷേധമുണ്ടായി. കൃഷിക്കാര്‍ പിന്നീട് കോട്ടയത്ത് പാഡി ഓഫീസില്‍ ഉപരോധവും നടത്തി. നൂറുപറമാക്കോത്തറ, നീണ്ടൂര്‍കൈപ്പുഴക്കരി, കൈപ്പുഴകൈപ്പുഴക്കരി എന്നീ പാടശേഖരങ്ങളിലെ 400 കര്‍ഷകരില്‍നിന്നായി ശേഖരിച്ച 13,000 ക്വിന്റല്‍ നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. വേനല്‍മഴയുടെ ഭീതിയിലാണ് കര്‍ഷകര്‍. മഴപെയ്താല്‍ എത്രയുംപെട്ടെന്ന് പാടത്തുനിന്ന് നെല്ലുനീക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ മില്ലുടമകള്‍ പറയുന്ന തൂക്കത്തില്‍ നെല്ലുനല്‍കേണ്ട അവസ്ഥയിലെത്തും കര്‍ഷകര്‍. കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സപ്ലൈകോയുടെ കീഴിലുള്ള മില്ലുടമകള്‍ സംഭരണത്തിന് തയ്യാറാകാതെവന്നതാണ് പ്രതിസന്ധിക്ക് കാരണം.
ക്വിന്റലിന് ആറുകിലോയിലേറെ കിഴിവുചോദിച്ച് മില്ലുടമകള്‍ വിട്ടുനില്‍ക്കുകയാണ്. 300 ഏക്കര്‍വരുന്ന ചോഴിയപ്പാറ, 280 ഏക്കര്‍വരുന്ന വിരിപ്പുകാലാ, 180 ഏക്കര്‍വരുന്ന താഴത്തെകുഴി, 80 ഏക്കര്‍വരുന്ന കെട്ടിനകം എന്നീ പാടശേഖരങ്ങള്‍ കൊയ്ത്തിന് പാകമായ നിലയിലാണ്. കോവിഡ് പ്രതിസന്ധിമൂലം കടക്കെണിയിലായ കര്‍ഷകര്‍ സാമ്പത്തികബാധ്യതയാല്‍ നട്ടംതിരിയുകയാണ്. ചൊവ്വാഴ്ച പാഡി ഓഫീസര്‍ പാടശേഖരത്തിലെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തും.

Related Articles

Back to top button