ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പത്മവിഭൂഷണ്‍.
ഡോ. ബെല്ലെ മൊനാപ്പ ഹെഗ്‌ഡെ(മെഡിസിന്‍), നരീന്ദര്‍ സിങ് കപാനി(മരണാനന്തരം,സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്), ബി.ബി. ലാല്‍(ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്‍(സ്പിരിച്വലിസം) എന്നിവരും പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്)ക്കും രാം വിലാസ് പസ്വാനും(പബ്ലിക് അഫയേഴ്‌സ്) കാല്‍ബേ സാദിഖിനും കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദ്രശേഖര്‍ കംബറ(ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍(പബ്ലിക് അഫയേഴ്‌സ്), നൃപേന്ദ്ര മിശ്ര(സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ്(ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ്(പബ്ലിക് അഫയേഴ്‌സ്) എന്നിവരാണ് പത്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ബാലന്‍ പുത്തേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍ തുടങ്ങി 102 പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.