മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഭിഷ യാചിച്ചുകൊണ്ടിരുന്ന ആ വയോധികനെ ഒടുവില്‍ തിരിച്ചറിഞ്ഞു. ഐഐടി കാണ്‍പൂരില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് 90 വയസുകാരനായ ഇയാളെന്ന് എന്‍ജിഒ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഗ്വാളിയറിലെ റോഡരികില്‍ ഇരുന്ന് ഭക്ഷണത്തിനായ ഭിക്ഷാടനം നടത്തുമ്പോഴാണ് സുരേന്ദ്ര വസിഷ്ഠ് എന്ന ഈ വയോധികനെ എന്‍ജിഒ പ്രവര്‍ത്തകര്‍ കാണുന്നത്. ‘ബസ് സ്റ്റാന്‍ഡിന് സമീപം വളരെ ദയനീയമായ അവസ്ഥയിലാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ഞങ്ങളെ അമ്പരപ്പിച്ചു’ എന്‍ജിഒ പ്രവര്‍ത്തകര്‍ പറഞ്ഞു.
1969 ല്‍ ഐഐടികാണ്പൂരില് നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും 1972 ല്‍ ലഖ്നൗവില്‍ നിന്ന് എല്‍എല്‍എമ്മും പൂര്‍ത്തിയാക്കിയ ആളാണ് സുരേന്ദ്ര വസിഷ്ഠ്. അദ്ദേഹത്തെ ഞങ്ങള്‍ ഞങ്ങളുടെ ആശ്രമത്തിലേക്ക് കൊണ്ടുവന്നെന്നും, ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും എന്‍ജിഒ പ്രവര്‍ത്തകര്‍ പറഞ്ഞു.
മാനസിക സമനില നഷ്ടപ്പെട്ട് തെരുവുകളില്‍ താമസിച്ചിരുന്ന മുന്‍ പോലീസുകാരനായ മനീഷ് മിശ്രയെയും ഇതേ എന്‍ജിഒ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മിശ്ര ഒരിക്കല്‍ മധ്യപ്രദേശ് പോലീസില്‍ ഷാര്‍പ്പ്ഷൂട്ടര്‍ എന്ന നിലയില്‍ പേരുകേട്ടതാണ്. പോലീസുകാരന് ഇപ്പോള്‍ മെച്ചപ്പെട്ട നിലയിലാണെന്നും സുഖം പ്രാപിച്ച് വരുകയാണെന്നും എന്‍ജിഒ പ്രവര്‍ത്തകര്‍ പറഞ്ഞു.