BREAKING NEWSLATESTWORLD

ഭിക്ഷയെടുത്തു നിയമം പഠിച്ച നിഷ പാകിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക

ലാഹോര്‍: ട്രാന്‍സ്‌ജെന്‍ഡരറുകളുടെ ജീവിതം എന്നും അവഗണനനിറഞ്ഞതാണ്. പലരും ലൈംഗിക തൊഴിലാളികളായും ഭിക്ഷയെടുത്തും ജീവിക്കുന്ന കഥയാണ് നാം കേള്‍ക്കാറുള്ളതും. എന്നാല്‍, 28 കാരിയായ നിഷ റാവു പാകിസ്ഥാനിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി മാറുമ്പോള്‍, ഒരു പുതിയ ചരിത്രമാണ് അവിടെ പിറവികൊള്ളുന്നത്. എന്നാല്‍, ഈ അതുല്യവിജയത്തിന് പിന്നില്‍ അവരുടെ വര്‍ഷങ്ങളായുള്ള യാതനയും, കണ്ണുനീരുമുണ്ട്.പാക്കിസ്ഥാനില്‍ 2018 ല്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാരെ തുല്യരായി കാണണമെന്നും, വിവേചനം കാണിക്കുന്നതും, അവരെ അക്രമിക്കുന്നതും കുറ്റകരമാണെന്നുമുള്ള ഒരു നിയമം നിലവില്‍ വന്നു. എന്നാല്‍, ആ നിയമം സമൂഹത്തില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ല. അവിടത്തെ ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍മാരും അപ്പോഴും അസമത്വവും അനീതിയും അനുഭവിച്ചു തെരുവുകളില്‍ യാചിച്ചോ വിവാഹങ്ങളില്‍ നൃത്തം ചെയ്‌തോ ഉപജീവനം കഴിച്ചു. ഈ അഭിഭാഷകയുടെ കഥയും അവിടെ നിന്നാണ് ആരംഭിക്കുന്നത്.കിഴക്കന്‍ നഗരമായ ലാഹോറിലെ വിദ്യാസമ്പന്നരായ ഒരു ഇടത്തരം കുടുംബത്തിലാണ് നിഷ ജനിച്ചത്. 18 ാം വയസ്സിലാണ് താന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാണെന്ന് അവള്‍ മനസിലാക്കിയത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ അവള്‍ വീടുവിട്ട് ഓടിപ്പോയി. നഗരത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലാണ് നിഷ ചെന്നെത്തിയത്. അവള്‍ക്ക് അഭയം നല്‍കിയ മുതിര്‍ന്ന ആളുകള്‍ അവളോട് ഉപജീവനത്തിനായി ശരീരം വില്‍ക്കാനോ, യാചിക്കാനോ ഉപദേശിച്ചു. ഒരു ദിവസം തന്റെ വിധി മാറുമെന്ന പ്രതീക്ഷയില്‍ ഒടുവില്‍ ട്രാഫിക് സിഗ്‌നലുകളില്‍ യാചിച്ചുകൊണ്ട് റാവു തന്റെ പുതിയ ജീവിതം ആരംഭിച്ചു.എന്നാല്‍, അതൊട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് പരിഹാസവും, വിവേചനവും അവള്‍ അനുഭവിച്ചു. വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും വേണ്ടാത്ത ഒരുവളായി അവള്‍ അവിടെ ജീവിച്ചു. തന്റേതല്ലാത്ത കാരണം കൊണ്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടവളായി അവള്‍ മാറി. മാത്രവുമല്ല, പൊലീസുകാരുടെ ഭയപ്പെടുത്തുന്ന പെരുമാറ്റത്തിനും അവര്‍ സാക്ഷിയായി. ഭാഗ്യവശാല്‍, അവളുടെ അധ്യാപകരിലൊരാള്‍ അവളെ കാണാനും, നിയമം പഠിക്കാന്‍ അവളെ ഉപദേശിക്കാനും ഇടയായി. അത് അവളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം നല്‍കി. എന്നാല്‍, പഠിക്കാന്‍ അവളുടെ കൈയില്‍ പണമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഭിക്ഷയെടുക്കുന്നത് ഉപേക്ഷിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. പിന്നീട് നിഷ പകല്‍ സിഗ്‌നലുകളില്‍ യാചിക്കാനും, രാത്രി നിയമ ക്ലാസുകളില്‍ പങ്കെടുക്കാനും ആരംഭിച്ചു. നിയമം പഠിക്കാനായി പണം നല്‍കണമെന്ന് പറഞ്ഞ് അവള്‍ യാചിക്കുമായിരുന്നു. അങ്ങനെ സമ്പാദിച്ച പണമുപയോഗിച്ച് അവള്‍ നിയമം പഠിക്കാന്‍ തുടങ്ങി.വര്‍ഷങ്ങളുടെ അധ്വാനത്തിന് ഒടുവില്‍ അവള്‍ക്ക് ബിരുദം ലഭിക്കുകയും, ഈ വര്‍ഷം ആദ്യം പരിശീലനത്തിനുള്ള ലൈസന്‍സ് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ കറാച്ചി ബാര്‍ അസോസിയേഷനില്‍ അംഗമാണ് നിഷ. അവര്‍ ഇതിനകം 50 കേസുകള്‍ വാദിച്ചിട്ടുണ്ട്. കൂടാതെ ഒരു ട്രാന്‍സ്‌റൈറ്റ്‌സ് സര്‍ക്കാരിതര സംഘടനയുമായി ചേര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍, ഇതോടെ നിഷയുടെ സ്വപ്നങ്ങള്‍ കെട്ടിപ്പൂട്ടി വയ്ക്കാന്‍ അവര്‍ ഒരുക്കമല്ല. പാക്കിസ്ഥാന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജിയാവുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്ന് നിഷ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker