ഇസ്ലാമാബാദ്: വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് പാകിസ്താന് ഇരുട്ടിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതോടെ എല്ലാ പ്രധാന നഗരങ്ങളും ഇരുട്ടിലായി.
ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും.
ദക്ഷിണ പാകിസ്താനില്‍ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായതെന്ന് വൈദ്യുതമന്ത്രി ഒമര്‍ അയൂബ് ഖാന് ട്വീറ്റ് ചെയ്തു. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും മറ്റിടങ്ങളില്‍ അതിനുള്ള ജോലികള്‍ നടക്കുകയാണെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെയും വൈദ്യുതി തടസ്സം സാരമായി ബാധിച്ചിട്ടുണ്ട്.