പാലക്കാട്: വോട്ടെണ്ണല്‍ ദിവസം നഗരസഭാ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ഫ്ളെക്സ് തൂക്കിയതിനെതിരെ നഗരസഭാ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ മതവുമായി ബന്ധപ്പെട്ട ഫ്ളെക്സ് തൂക്കിയതിലൂടെ മതസ്പര്‍ദ പടര്‍ത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
ഇതേ തുടര്‍ന്നാണ് കണ്ടാലറിയുന്ന ആളുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് കേസ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വികെ ശ്രീകണ്ഠന് എംപിയും സിപിഎമ്മും പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ നിരവധി സംഘടനകളും വ്യക്തികളും പരാതി നല്‍കിയിട്ടുണ്ട്.
വേട്ടെണ്ണല്‍ കേന്ദ്രമായിരുന്ന നഗരസഭാ ഓഫീസിലേക്ക് കൗണ്ടിംഗ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മാത്രമായിരുന്നു പ്രവേശനം. ഫ്ളക്സ് തൂക്കുന്ന വീഡിയോ പരിശോധിച്ചതില്‍ പത്തിലേറെ പേര് ഉള്ളതായി കാണാം. ഇവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
ജയ് ശ്രീറാം എന്നെഴുതിയ ഫ്ളെക്സ് നഗരസഭാ ഓഫീസിന് മുന്നില്‍ തൂക്കിയ നടപടിയ്ക്കെതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ നേതൃത്വത്തിന്റെ അറിവോടെയല്ല പ്രവര്‍ത്തകര്‍ ഇത് ചെയ്തതെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.