പാലക്കാട്: പാലാക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കഴിഞ്ഞതോടെ വീണ്ടും സിപിഎം- ബിജെപി പോര്‍വിളി. നഗരസഭയ്ക്കു മുന്നില്‍ ‘ജയ് ശ്രീറാം’ വിളിയുമായി ബിജെപിത്തി. സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തുവരുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് ഇരു കൂട്ടരെയും പിരിച്ചുവിട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി.
നേരത്തെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഘോഷത്തിനിടെ ‘ജയ് ശ്രീറാം’ ബാനര്‍ തൂക്കിയ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കുറ്റം. മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
‘ജയ് ശ്രീറാം’ ബാനര്‍ വച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അതേസ്ഥാനത്തു ദേശീയപതാക പ്രദര്‍ശിപ്പിച്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അടുത്ത ദിവസം രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ ദേശീയ പതാകയേന്തി മാര്‍ച്ചും നടത്തി. ഇരുസംഭവത്തിലും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.