KERALALATEST

ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി; പാലക്കാട് നഗരസഭയില്‍ വീണ്ടും വിവാദം

പാലക്കാട്: നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയത് വന്‍ വിവാദമാകുന്നു. നഗരസഭയിലെ ഗാന്ധി പ്രതിമയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധിപേര്‍ ഇതിനെതിരെ രംഗത്തെത്തി. സംഭവം വിവാദമായതോടെ പൊലീസ് എത്തി കൊടി നീക്കം ചെയ്തു.
ഗാന്ധി പ്രതിമയില്‍ പതാക കണ്ടതിനെ തുടര്‍ന്ന് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി കൊടി നീക്കം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് പറഞ്ഞു.
നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപി ആഹ്‌ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേര്‍ രംഗത്തെത്തി. ‘ജയ് ശ്രീറാം’ ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 നേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് നഗരസഭയിലെ ഭരണം ബിജെപി നിലനിര്‍ത്തിയത്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ 28 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 24 സീറ്റ് മാത്രമായിരുന്നു ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. അവിശ്വാസപ്രമേയത്തെ കഷ്ടിച്ച് മറികടന്നാണ് കഴിഞ്ഞ തവണ ബിജെപി ഭരണം പൂര്‍ത്തിയാക്കിയത്. ഇത്തവണ നഗരസഭയില്‍ കോണ്‍ഗ്രസിന് നേടാനായത് 13 സീറ്റുകള്‍ മാത്രം. ഇടതുമുന്നണി ഏഴ് സീറ്റിലേക്ക് ചുരുങ്ങി. നേരത്തെ ഒന്‍പത് സീറ്റുണ്ടായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker