ന്യൂഡല്‍ഹി: ശബരിമലതീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൂര്‍ണമായും ദേശസാത്കരിച്ച റൂട്ടാണിതെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് കെ.എസ്.ആര്‍.ടി.സി. ഈടാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിക്കാര്‍ക്ക് മറുപടിനല്‍കാന്‍ സമയം അനുവദിച്ചുകൊണ്ട് കേസ് മാറ്റി.
കെ.എസ്.ആര്‍.ടി.സി. ബസിലെ അമിതനിരക്കും യാത്രക്കാരുടെ തിരക്കും കാര്യക്ഷമതക്കുറവുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഈ ആരോപണങ്ങളൊന്നും പൂര്‍ണമായും ദേശസാത്കരിച്ച റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഹര്‍ജിക്കാര്‍ക്ക് അര്‍ഹത നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കാണ് കെ.എസ്.ആര്‍.ടി.സി. ഈടാക്കുന്നത്. ചുരംറോഡുകളില്‍ 25 ശതമാനവും ഉത്സവസീസണുകളില്‍ ചില സേവനങ്ങള്‍ക്ക് 30 ശതമാനവും കൂടുതല്‍നിരക്ക് ഈടാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതിയുണ്ട്.
ഇരുപതുവാഹനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്താമെന്നാണ് ഹര്‍ജിക്കാരുടെ നിര്‍ദേശം. എന്നാല്‍, അത്തരത്തിലുള്ള പദ്ധതി നിലവിലില്ല. അതിനാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് ഹാജരായി.
നിലയ്ക്കല്‍മുതല്‍ പമ്പവരെ സ്വകാര്യവാഹനം അനുവദിക്കാത്തതിനാല്‍ തീര്‍ഥാടകര്‍ കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
****