കോഴഞ്ചേരി: പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാരാമണ്‍ തോട്ടപ്പുഴശ്ശേരി പ്രശാന്തില്‍ എന്‍.കെ.സുകുമാരന്‍ നായര്‍ (79) അന്തരിച്ചു. പമ്പയുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്കാരിക പ്രശ്നങ്ങളില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
1994ല്‍ പമ്പാ പരിരക്ഷണ സമിതിയും 2006ല്‍ പൂവത്തൂര്‍ കേന്ദ്രമായി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്ററും സ്ഥാപിച്ചു. നിലവില്‍ സെന്ററിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ്. 1997ല്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍, കുട്ടനാട് പാക്കേജ്നദീസംരക്ഷണ നിയമംമണല്വാരല് നിയന്ത്രണ നിയമം, 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 320 കോടിയുടെ പമ്പാ ആക്ഷന്‍പ്ലാന്‍, ആറന്മുള വിമാനത്താവളവിരുദ്ധ സമരം എന്നിവയില്‍ നിര്‍ണായക പങ്കാണ് സുകുമാരന്‍ നായര്‍ വഹിച്ചത്.
1961ല്‍ പൂവത്തൂര്‍ സര്‍വോദയ യു.പി.സ്കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനായി. ശബരിഗിരി, ഇടുക്കി, കക്കാട് പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചു. സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ചു. കേരള ശാസ്ത്രസാഹിത്യ പരിക്ഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ഡിവിഷന് കമ്മിറ്റികളുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പൂവത്തൂര്‍ വൈ.എം.എ. വായനശാലാ വൈസ് പ്രസിഡന്റാണ്.
കേന്ദ്ര ജലമന്ത്രാലയത്തിന്റെ 2019ലെ നാഷണല്‍ വാട്ടര്‍ മിഷന് അവാര്‍ഡ്, പ്രഥമ ജയ്ജി പീറ്റര്‍ പരിസ്ഥിതി പുരസ്കാരം, എറണാകുളം കരയോഗത്തിന്റെ പി.എസ്.ഗോപിനാഥന് നായര്‍ പരിസ്ഥിതി പുരസ്കാരം, വനംവകുപ്പിന്റെ വനമിത്ര അവാര്‍ഡ്, സംസ്ഥാന പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്ര അവാര്‍ഡ്, പ്രൊഫ. ഫാ. മാത്യു വാണിശ്ശേരി ഫൗണ്ടേഷന് പരിസ്ഥിതി അവാര്‍ഡ്, കൊല്ലം സത്കര്‍മ പുരസ്കാരം, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ പരിസ്ഥിതി മിത്ര അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
‘പമ്പാ നദി: ഒരു പാരിസ്ഥിതികപഠനം’, ‘പമ്പാ നദി: പരിസ്ഥിതിയും പരിപാലനവും’, ‘പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. വരട്ടാര്‍, വരാച്ചാല്‍, പമ്പഅച്ചന്കോവില്, വൈപ്പിന്‍ കനാല്‍ പദ്ധതി, പമ്പാ നദീതടത്തിലെ ജൈവവൈവിധ്യം എന്നിവയില്‍ നിരവധി പുസ്തകങ്ങളും എഴുതി.
കെ.സുശീലയാണ് ഭാര്യ. മക്കള്‍: എസ്. അനില്‍(എന്‍ജിനീയര്‍), ഡോ. എസ്.അമ്പിളി. മരുമക്കള്‍: ഡോ. ദീപ്തി എ.കാരണ