NEWSBREAKING NEWSLATESTNATIONAL

പാന്‍ – ആധാര്‍ ലിങ്കിങ്; ഇനി ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി

ഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു. 2021 മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത മുഴുവന്‍ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കും. ഇതോടെ രാജ്യത്തെ 18 കോടിയിലധികം പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്ന നികുതി വെട്ടിപ്പുകാരെ പിടിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഐടി വകുപ്പ് കര്‍ശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഒരു വ്യക്തി ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിര്‍ബന്ധിത പാന്‍, ആധാര്‍ ലിങ്കിംഗ് നടപ്പാക്കുന്നത്. 2020 ജൂണ്‍ വരെ ഇന്ത്യയില്‍ 50.95 കോടി പാന്‍ കാര്‍ഡ് ഉടമകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 6.48 കോടി ആളുകള്‍ മാത്രമാണ് ആദായനികുതി റിട്ടേണുകള്‍ക്കായി (ഐടിആര്‍) അപേക്ഷ നല്‍കിയിട്ടുള്ളത്. ഏകദേശം നാല് കോടിയിലധികം ആളുകള്‍ ഐടിഐര്‍ ഫയല്‍ ചെയ്യുന്നുണ്ട്. പക്ഷെ ഇവര്‍ നികുതി ബാധ്യത കാണിക്കുന്നില്ലെന്നും ഐടിആര്‍ വഴി അടച്ച മുഴുവന്‍ നികുതി ക്ലെയിം ചെയ്യുന്നതായും ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തെ വാര്‍ഷിക വിവര റിട്ടേണ്‍ (എഐആര്‍) എന്ന് വിളിച്ചിരുന്ന സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ (എസ്എഫ്ടി) വഴി ആഡംബരങ്ങള്‍ക്കായി അമിത തുക ചിലവഴിക്കുകയും എന്നാല്‍ വരുമാനം കുറച്ച് കാണിക്കുകയും ചെയ്ത് വലിയ നികുതി അടവില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്ന വ്യക്തികളെ ഐടി വകുപ്പ് ആയിരുന്നു കണ്ടെത്തിയിരുന്നത്.
നിലവില്‍ നികുതിദായകരുടെ ഉയര്‍ന്ന മൂല്യമുള്ള എല്ലാ ഇടപാടുകളും സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമായിരിക്കും. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ എന്നിവ വഴി നേരിട്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയും.

Related Articles

Back to top button