ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടയില്‍ പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബി.ജെ.പി.നേതാക്കള്‍ രംഗത്തെത്തി. കര്‍ഷക പ്രക്ഷോഭം ഇത്രയും കാലം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ ഒരുദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും ബിജെപിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റായ ലക്ഷ്മി കാന്ത ചൗള അഭിപ്രായപ്പെട്ടു.
‘ഒരു ബിജെപി നേതാവ് എന്ന നിലയില്ല ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഒരു പ്രക്ഷോഭവും ഒരുപാട് കാലം നീണ്ടുപോകരുതെന്നാണ് എനിക്ക് തോന്നുന്നത്. എത്രയും വേഗത്തില്‍ അതിന് ഒരുപരിഹാരം കണ്ടെത്തണം. ഡിസംബര്‍ മധ്യത്തോടെ, കടുത്ത ശൈത്യമോ, ആത്മഹത്യയിലൂടെയോ മരിച്ച കര്‍ഷകരുടെ എണ്ണം 30 കടന്നപ്പോള്‍, ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്തയച്ചിരുന്നു. കൃഷിവകുപ്പ് മന്ത്രിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.’ ചാവ്ല പറയുന്നു.
‘കര്‍ഷകര്‍ 100 ശതമാനവും തെറ്റല്ല, കാര്‍ഷിക നിയമങ്ങളും. പ്രധാനമന്ത്രി കര്‍ഷകര്‍ക്കൊപ്പമിരുന്ന് പരിഹാരം കണ്ടെത്തണം. പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ ഒരു ദിവസം കൊണ്ട് പരിഹാരം കാണാനാകുമെന്നാണ് എനിക്ക് തോന്നുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭത്തിന്റെ യഥാര്‍ഥ വശത്തെ കുറിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന ഘടകത്തിന് സാധിക്കാത്തതില്‍ സംസ്ഥാനത്തെ മറ്റുനേതാക്കളും അസന്തുഷ്ടരാണ്. ‘പ്രതിഷേധങ്ങള്‍ക്കിടയില്‍ കാര്‍ഷിക നിയമഭേദഗതി പാര്‍ലമെന്റില്‍ പാസ്സാക്കി. കര്‍ഷകരോഷം കണക്കിലെടുത്ത് 27 വര്‍ഷം നീണ്ടുനിന്ന സഖ്യം അകാലിദള്‍ വിച്ഛേദിച്ചപ്പോഴും പാര്‍ട്ടി ഉണര്‍ന്നില്ല.’ മാല്‍വയിലെ പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത ബി.ജെ.പി.നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ബി.ജെ.പി.ഘടകം കര്‍ഷക പ്രക്ഷോഭത്തെ ഗൗരവത്തില്‍ കാണുന്നില്ലെന്ന് മുന്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായ മഞ്ജീദര്‍ സിങ് കാങ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലാണ് കാര്‍ഷിക സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ഹൈക്കമാന്‍ഡിന് ശരിയായ പ്രതികരണമല്ല നേതൃത്വം നല്‍കുന്നതെന്നും ഇതുസംബന്ധിച്ച് താനും നേതൃത്വവും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടുത്തമാസം മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ കര്‍ഷക പ്രക്ഷോഭം അക്രമാസക്തമാകുമോ എന്ന ആശങ്കയാണ് കേന്ദ്രനിലപാടിനെതിരേ നിലകൊളളുന്ന പാര്‍ട്ടി നേതാക്കള്‍ക്കുളളത്. ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ്. കര്‍ഷക രോഷം കണക്കിലെടുത്ത് ബി.ജെ.പി നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് ഭട്ടിന്‍ഡയിലെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.