LOCAL NEWS

പറാല്‍- കുമരങ്കരി റോഡ് ശോച്യാവസ്ഥ; ‘പറാല്‍ പോരാളികള്‍’ പ്രതിഷേധിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശേരി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമായി സ്ഥിതി ചെയ്യുന്ന പറാല്‍- കുമരങ്കരി റോഡിന്റെ ശോചനീയാവസ്ഥക്ക് നേരെ കണ്ണടക്കുന്ന അധികാരികളുടെ നിസ്സംഗതക്കെതിരെ ഒരു ഗ്രാമം നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. കാലങ്ങളായി അറ്റകുറ്റ പണികള്‍ നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡ് പറാല്‍ – കുമരങ്കരി നിവാസികള്‍ക്ക് വല്യ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരും വാഹനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മഴക്കാലമായതോടു കൂടി അസഹ്യമായിരിക്കുന്നു. കൂടാതെ നഗരത്തില്‍ നിന്നുള്ള മലിന്യങ്ങള്‍ ഈ റോഡില്‍ നിക്ഷേപിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജീവിക്കാനാകാത്ത സാഹചര്യമാണ്. ഈ ദുഃസ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് , പറാല്‍ പോരാളികള്‍ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും കൂട്ടായ്മയിലും സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറില്‍പ്പരം നാട്ടുകാര്‍ പങ്കെടുത്തു. ചങ്ങനാശേരി മാര്‍ക്കറ്റിലെ അഞ്ചുവിളക്കിന് മുന്നില്‍ നടന്ന യോഗത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു.
നാടിന്റെ ആവശ്യം ഉന്നയിക്കുന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു പാസാക്കി.
വിപുലമായ സംഘാടക പ്രവര്‍ത്തനങ്ങള്‍ക്കായി അധിക ദിവസങ്ങള്‍ ചിലവഴിക്കാതിരുന്നിട്ടു കൂടി പ്രദേശത്തിന്റെ ആവശ്യത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സജീവ പങ്കാളിത്തം സൃഷ്ടിച്ച ആവേശത്തോടെയാണ് പ്രതിഷേധ കൂട്ടായ്മക്കു ശേഷം എല്ലാവരും പിരിഞ്ഞു പോയത്. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ഉടന്‍ രൂപം നല്കുമെന്ന് പറാല്‍ പോരാളി നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button