കൊച്ചി: ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ വിശുദ്ധ പദവി സംബന്ധിച്ച് വിവാദ ലേഖനമെഴുതിയതിന് ഫാദര്‍ പോള്‍ തേലക്കാട്ടിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സീറോ മലബാര്‍ സഭ. വ്യാജേഖ കേസിലുള്‍പ്പെട്ട വൈദികര്‍ക്കെതിരെയും നടപടിയെടുക്കാനും സിനഡ് തീരുമാനിച്ചു.
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയിയെന്നായിരുന്നു സീറോമലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് സത്യദീപത്തില്‍ എഴുതിയ ലേഖനം. മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ കഴിയാതെ നാമകരണ നടപടികള്‍ തുടങ്ങരുത് എന്ന നിയമം പോലും മറികടന്നാണ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നും ഫാ. പോള്‍ തേലക്കാട്ട് വിമര്‍ശിച്ചിരുന്നു. പോള്‍ തേലക്കാടിന്റെ ലേഖനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം സിനഡ് ചര്‍ച്ച ചെയ്തത്.
സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ സഭാനിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാര്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതു പ്രകാരം സത്യദീപത്തിന്റെയും ഫാ. പോള്‍ തേലക്കാട്ടിന്റെയും അച്ചടക്കലംഘനങ്ങള്‍ക്കും സഭാവിരുദ്ധ പ്രബോധനങ്ങള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനാണ്.
സീറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ മൂന്ന് വൈദികര്‍ അടക്കം നാല് പേരെ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതും സിനഡില്‍ ചര്‍ച്ചയായി. വൈദീകരായ ആന്റണി കല്ലൂക്കാരന്, പോള്‍ തേലക്കാട്ട്, ബെന്നി മാറംപറമ്പില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ നടപടി വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപത നേതൃത്വത്തിന് സിനഡ് നിര്‍ദ്ദേശം നല്കി.ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങള്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പൂര്‍ത്തിയാക്കണമെന്നും സിനഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.