കൊച്ചി: ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റെന്ന് ഫാ പോള്‍ തേലേക്കാട്ട്. എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തില്‍ എഴുതിയ ലേഖനത്തിലാണ് ഫാ പോളിന്റെ പരാമര്‍ശം.
‘ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക് റിപ്പോര്‍ട്ടില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ പുണ്യത്തിന്റെ തട്ടിപ്പാണ് വെളിവാക്കുന്നത്. മരിച്ച് അഞ്ച് വര്‍ഷം കഴിയാതെ നാമകരണ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന നിര്‍ദ്ദേശം അവഗണിച്ച് ആള്‍ക്കൂട്ട ആരവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുകയാണ്.’ പോള്‍ തേലേക്കാട്ട് പറയുന്നു.
പഴയകാലത്ത് ഇത്തരം തീരുമാനങ്ങളില്‍ ചെകുത്താന്റെ വക്കീല്‍ എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. വിശുദ്ധിക്കെതിരായ തെളിവുകള്‍ സമര്‍പ്പിച്ച് വിശുദ്ധിയുണ്ടെന്ന് ഉറപ്പാക്കലായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇപ്പോഴും ആ തസ്തികയുണ്ട്. ഈ നാമകരണ പരിപാടിയിലും അത്തരമൊരാള്‍ ഉണ്ടായിരുന്നു. ഈ നിഴല്‍ വീഴ്ത്തിയതിന് അദ്ദേഹമാണ് ഉത്തരവാദി. ഈ തസ്തിക കല്യാണ കോടതികളിലും സഭയ്ക്കുണ്ട്. അവര്‍ വല്ലതും അറിയുന്നുണ്ടോയെന്നാണ് ചോദ്യം.
ഇവിടെ ചില ദിവ്യന്മാര്ക്ക് ദൈവം നിപ വൈറസിനെ അകറ്റിക്കൊടുക്കുന്നു. രോഗശാന്തി നടത്തുന്നു. ആള് ദൈവങ്ങളുടെ നടനവേദി കണ്ട് ആള്‍ക്കൂട്ടം ഹര്‍ഷോന്മാദത്തിലാണ്, പോള്‍ തേലേക്കാട്ട് പറയുന്നു.