
തൃശ്ശൂർ: തൃശ്ശൂർ പാവറട്ടിയിൽ കഞ്ചാവ് പ്രതി എക്സൈസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടങ്ങി. തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ഗുരുവായൂർ ബസ് സ്റ്റാൻ്റിന് സമീപത്തെ ഓട്ടോ തൊഴിലാളികളിൽ നിന്ന് സംഘം തെളിവെടുത്തു.
ആറ് എക്സൈസ് ഉദ്യോഗസ്ഥരാണ് കേസിൽ പ്രതികൾ. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് മന്ത്രിസഭ സിബിഐയെ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട തിരൂർ സ്വദേശി രഞ്ജിത് മർദ്ദനമേറ്റു മരിച്ചു എന്നാണ് കേസ്.
തലയ്ക്കും കഴുത്തിനും കണ്ണിന് മുകളിലുമേറ്റ മർദ്ദനമാണ് മരണകാരണം. പ്രതികൾക്ക് എതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2019 ഒക്ടോബര്‍ 1 നാണ് മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്, എക്സൈസ്പ്രവിന്റിവാ ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍, സിവില്‍ പൊലീസ് ഓഫീസറായ നിതിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.