തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ജനുവരി 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുന്‍കാലങ്ങളെക്കാള്‍ കുറവായിരിക്കും ഇത്തവണ ശമ്പളവര്‍ധന. ശമ്പളവും പെന്‍ഷനും 10 ശതമാനംവരെ കൂടാനാണു സാധ്യത. ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം നല്‍കിത്തുടങ്ങും. പെന്‍ഷന്‍പ്രായ വര്‍ധനയും കമ്മിഷന്‍ ശുപാര്‍ശചെയ്‌തേക്കും. 15ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതു പ്രഖ്യാപിക്കും. കുടിശ്ശികയുള്ള ഡി.എ. നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും ബജറ്റില്‍ പ്രഖ്യാപിക്കും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശമ്പളപരിഷ്‌കരണം അടുത്തവര്‍ഷത്തേക്കു നീട്ടിവെക്കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ജീവനക്കാരുടെ പ്രതിഷേധം തിരിച്ചടിയാകുമെന്നതിനാലാണ് ഇപ്പോള്‍ത്തന്നെ വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത്.
31ന് ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ച് റിപ്പോര്‍ട്ട് അംഗീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് ശമ്പളപരിഷ്‌കരണം ഉത്തരവാകും. മുന്‍ കേന്ദ്ര സെക്രട്ടറി കെ. മോഹന്‍ദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2019 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തോടെയായിരിക്കും പരിഷ്‌കരണം.
പത്താം ശമ്പളക്കമ്മിഷന്‍ 13 ശതമാനത്തോളം വര്‍ധനയാണു വരുത്തിയത്. കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആക്കിയിരുന്നു. സാമ്പത്തികപ്രതിസന്ധിയും കോവിഡ്കാല സാമ്പത്തിക അനിശ്ചതത്വവും പരിഗണിച്ച് ഇത്തവണ വര്‍ധനയുടെ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കമ്മിഷന്‍ ശുപാര്‍ശചെയ്താലും സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.
രണ്ടു ഗഡുക്കളായി ഏഴുശതമാനം ഡി.എ.യാണ് ഇനി കുടിശ്ശികയുള്ളത്. മൂന്നാംഗഡു കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും അതു മരവിപ്പിച്ചിട്ടുണ്ട്. ഈ ഗഡുവിന്റെ കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുത്തിട്ടില്ല. ഡി.എ. കുടിശ്ശിക ഘട്ടംഘട്ടമായി നല്‍കാനാണ് ഉത്തരവിറങ്ങുക.