BREAKING NEWSKERALA

പെന്‍ഷനിലും കൈയ്യിട്ടു സര്‍ക്കാര്‍; ഭരണകക്ഷി സംഘടനകള്‍ക്കുള്‍പ്പടെ പ്രതിഷേധം

തിരുവനന്തപുരം: പെന്‍ഷന്‍ നിര്‍ണയിക്കാന്‍ സേവനകാലാവധി കണക്കാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഇടതുസംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു.
ആറുമാസത്തില്‍ കൂടുതലുള്ള സര്‍വീസ് നേരത്തേ ഒരുവര്‍ഷമായി കണക്കാക്കിയിരുന്നു. ആറുമാസത്തില്‍ കുറവുള്ളത് ഒഴിവാക്കിയിരുന്നു. ഇതുമാറ്റി. ഇനി മൂന്നുമുതല്‍ ഒമ്പതുവരെ മാസമുള്ള സര്‍വീസ് കാലാവധി അരവര്‍ഷമായും ഒമ്പതുമാസത്തില്‍ കൂടുതലുള്ളത് ഒരുവര്‍ഷമായും കണക്കാക്കും. മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കാനുള്ള കാലാവധി കണക്കാക്കുന്നതിലും മാറ്റമുണ്ട്.
ഇത് ഒട്ടേറെ ജീവനക്കാര്‍ക്ക് പെന്‍ഷനും ആനുകൂല്യവും കുറയാന്‍ കാരണമാകുമെന്ന് ജീവനക്കാര്‍ പറയുന്നു. ഭൂരിഭാഗം ജീവനക്കാര്‍ക്കും ഗുണകരമല്ലാത്ത പരിഷ്‌കാരം പുനഃപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളുടെ പൊതുവേദിയായ ഫെസ്റ്റോ ആവശ്യപ്പെട്ടു.
മിനിമം പെന്‍ഷനും ഫുള്‍ പെന്‍ഷനും കണക്കാക്കാന്‍ ലഭിക്കുന്ന ഇളവ് സംബന്ധിച്ച് അവ്യക്തതയുണ്ട്. സര്‍വീസ് കാലയളവില്‍ വരുന്ന അധിവര്‍ഷങ്ങളിലെ അധിക ദിവസങ്ങള്‍കൂടി പെന്‍ഷന്‍ യോഗ്യതയുള്ള ദിവസങ്ങളായി പരിഗണിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കുന്നതോടൊപ്പമാണ് ആറുമാസത്തില്‍ ഒരുദിവസം കൂടുതലുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ ആനുകൂല്യം ലഭിക്കുന്നത് അവസാനിപ്പിച്ചത്.
ചര്‍ച്ചയില്ലാതെ ചട്ടം ഭേദഗതിചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫെസ്റ്റോ പ്രസിഡന്റ് കെ.സി.ഹരികൃഷ്ണനും ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടിയും പറഞ്ഞു. അനവസരത്തില്‍ ജീവനക്കാരെ ദ്രോഹിക്കാനെടുത്ത തീരുമാനമാണിതെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍ ആരോപിച്ചു.
സേവനകാലയളവ് കണക്കാക്കുന്നതുസംബന്ധിച്ച് ഒട്ടേറെ ജീവനക്കാര്‍ കോടതിയെ സമീപിക്കുന്നത് സര്‍ക്കാരിന് പണനഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാല്‍ അതിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് ചെയ്തതെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു.

മറ്റുമാറ്റങ്ങള്‍ ഇങ്ങനെ
* മൂന്നുമാസത്തില്‍ കുറവുള്ള സര്‍വീസ് ഒഴിവാക്കും. നേരത്തേ ആറുമാസത്തില്‍ കുറവുള്ളത് ഒഴിവാക്കിയിരുന്നു.
* മിനിമം പെന്‍ഷനുവേണ്ടി ഒമ്പതുവര്‍ഷവും ഒരു ദിവസവുമെന്നത് പത്തുവര്‍ഷമായി കണക്കാക്കിയിരുന്നത് തുടരും.
* 29 വര്‍ഷവും ഒരു ദിവസവും ജോലിചയ്താല്‍ 30 വര്‍ഷമായി കണക്കാക്കി ഫുള്‍പെന്‍ഷന്‍ അനുവദിക്കുന്നത് നിര്‍ത്തി.
* 32 വര്‍ഷവും ഒരുദിവസവും സര്‍വീസുണ്ടെങ്കില്‍ 33 വര്‍ഷമായി കണക്കാക്കി ഗ്രാറ്റ്വിറ്റി നല്‍കിയിരുന്നത് ഇനി തുടരില്ല.
* അധിവര്‍ഷത്തെ അധികദിവസങ്ങളും പെന്‍ഷന് കണക്കാക്കും.

Related Articles

Back to top button