തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. സിആര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക് നോട്ടീസ് നല്കി. കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പാണ്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നല്‍കുന്നത്.
കേരളത്തില്‍ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ കേസില്‍ സിബിഐയ്ക്ക് കേസ് ഡയറിയോ മറ്റ് രേഖകളോ നല്‍കാതെ പൊലീസ്. കേസ് രേഖകള്‍ തേടി ഏഴ് തവണ സിബിഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിച്ചത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് സിബിഐ നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്.
അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകള്‍ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്. 2019 ഫിബ്രവരി 17നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.