BUSINESSBUSINESS NEWS

എക്‌സ് പി 100 പ്രീമിയം ഗ്രേഡ് പെട്രോള്‍ കൊച്ചിയിലും

കൊച്ചി: ഇന്ത്യയുടെ പ്രഥമ 100 ഒക്‌ടേന്‍ പെട്രോള്‍ എക്‌സ് പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില സഹോദരനയ്യപ്പന്‍ റോഡിലെ കോക്കോ റീട്ടെയില്‍ ഔട്ട് ലെറ്റില്‍ ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാന തലവനുമായ വി.സി. അശോകന്‍ ആണ് എക്‌സ് പി 100 പ്രീമിയം ഗ്രേഡ് പെട്രോള്‍ അവതരിപ്പിച്ചത്. ഡോ. ബോബി ചെമ്മണ്ണൂര്‍, ചലച്ചിത്രതാരം സംയുക്ത മേനോന്‍, റീട്ടെയ്ല്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും പങ്കെടുത്തു.
അഖിലേന്ത്യാ ലോഞ്ചിന്റെ ഭാഗമാണിത്. ഇന്ത്യയിലെ പെട്രോളിയം റീട്ടെയില്‍ വിപണിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോള്‍ (100 ഒക്‌ടേന്‍) 2020 ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ അവതരിപ്പിച്ചത്. കൊച്ചിയുള്‍പ്പെടെ 15 നഗരങ്ങളില്‍ എക്‌സ് പി 100 ലഭ്യമാണ്. ആഡംബര വാഹനങ്ങളുടെ ലഭ്യതയും ജനങ്ങളുടെ താല്പര്യവും ആണ് ഇത്തരം നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണം. കൊച്ചിയില്‍ വൈറ്റില സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കോകോ, തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിലെ കോകോ പമ്പുകളില്‍ നിന്നു പുതിയ പെട്രോള്‍ ലഭിക്കുന്നതാണ്.
ലോകോത്തര പ്രീമിയം ഗ്യാസോലിന്‍ വിപണിയിലെത്തിക്കുന്ന ആദ്യ കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍. ഈ അള്‍ട്രാ പ്രീമിയം ഉത്പന്നം ആഡംബര വാഹനങ്ങള്‍ക്ക് വന്‍ ഊര്‍ജ്ജം പകരുകയും പ്രകടന ക്ഷമത വര്‍ദ്ധിപ്പിക്കുകയും റൈഡര്‍ക്ക് ആസ്വാദ്യകരമായ ഡ്രൈവിങ്ങ് ആനുഭൂതി ലഭ്യമാക്കുകയും ചെയ്യുന്നു. എക്‌സ്പി 100 പ്രീമിയം ഗ്രേഡ് പെട്രോള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ ഓയില്‍ ഗവേഷണ വിഭാഗം പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഒക്ടോമാക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ്.
നിലവില്‍ 91 ഒക്‌ടേന്‍ പെട്രോളാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. 100 ഒക്‌ടേന്‍ രൂപകല്പന ചെയ്തിരിക്കുന്നത് അതിവേഗ ആക്‌സിലറേഷനും എന്‍ജിന്‍ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനും ഡ്രൈവിങ്ങ് ആസ്വാദ്യകരമാക്കാനും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാനും എന്‍ജിന് ദീര്‍ഘായുസ് നല്‍കാനും വേണ്ടിയാണ്.
ഐഎസ് 2796 സ്‌പെസിഫിക്കേഷന്‍ മറികടക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്. എമിഷന്‍ വളരെ കുറവുമാണ്. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ ആഡംബര വാഹനങ്ങള്‍ക്ക് 100 ഒക്ടേന്‍ പെട്രോളിന്റെ കരുത്തുറ്റ ആനുകൂല്യങ്ങളാണ് ലഭിക്കുക. ആഗോളതലത്തില്‍ ജര്‍മനിയും അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ആറോളം രാജ്യങ്ങളില്‍ മാത്രമെ 100 ഒക്‌ടേന്‍ പെട്രോള്‍ ഇപ്പോള്‍ ഉള്ളൂ.

Related Articles

Back to top button