രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്ത സ്ഥലത്ത് നിന്ന് 14 കിലോമീറ്ററോളം അകലെ പൂതക്കുഴി എന്ന സ്ഥലത്ത് പുഴയോരത്ത് തങ്ങിയ നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ആകെ മരണം 63 ആയി. ഇനി ഏഴ് പേരെ കൂടി കണ്ടെത്താനുണ്ട്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകർന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തിൽ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ണിനടിയിൽ അകപ്പെട്ട മനുഷ്യ ശരീരം കണ്ടെത്താൻ സഹായിക്കുന്ന റഡാർ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.