BREAKING NEWSKERALA

പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു: ആശ്രിതര്‍ക്ക് വീട്, ജോലി, വിദ്യാഭ്യാസം

തിരുവനന്തപുരം: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും.
പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും നാശനഷ്ടത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങുക. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.
പെട്ടിമുടിയില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ക്കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 55 ആയി. നബിയ (12), ലക്ഷണശ്രീ (10), സുമതി (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതില്‍ ഏഴുപേര്‍ കുട്ടികളാണെന്ന് ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍ അറയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മൂന്ന് കിലോമീറ്റര്‍ മുകളില്‍ നിന്നുണ്ടായ ഉരുള്‍ പെട്ടിമുടി പുഴയിലാണ് പതിച്ചത്. ഇവിടെയും പുഴ ചെന്നുചേരുന്ന ഇടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button