BREAKING NEWSLATESTNATIONAL

ഫിലിപ്പൈന്‍സുമായി ആയുധ കരാറിനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യമായ ഫിലിപ്പൈന്‍സുമായി ആയുധ കരാറിന് ഇന്ത്യ. അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേര്‍ട്ടും തമ്മില്‍ ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കും. ഇന്ത്യറഷ്യ സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് മിസൈലാണ് ഫിലിപ്പൈന്‍സിന് നല്‍കുക. ഇതോടെ ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമായി ഫിലപ്പൈന്‍സ് മാറും.
കരാര്‍ സംബന്ധിച്ച അന്തിമമായ തയ്യാറെടുപ്പുകള്‍ക്ക് ബ്രഹ്‌മോസില്‍ നിന്നും ഒരു സംഘം ഡിസംബര്‍ മാസത്തില്‍ മനില സന്ദര്‍ശിക്കും. കരാര്‍ ഒപ്പിടുന്ന അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടക്കാനാണ് സാദ്ധ്യത. മരുന്നുകളുടെ വിതരണവും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്ക്കുമെന്ന് കരുതുന്നു.
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ഒരു കരാര്‍ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിലാണ് ബ്രഹ്‌മോസ് മിസൈലുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം നീണ്ടുപോയി. ബ്രഹ്‌മോസ് മറ്റ് രാജ്യങ്ങളിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായി ബ്രഹ്‌മോസിന്റെ റഷ്യ വിഭാഗം മേധാവി റോമന്‍ ബബുഷ്‌കിന്‍ മുന്‍പ് അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമാകും ഫിലിപ്പൈന്‍സുമായുളള കരാര്‍.അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുളള മിസൈല്‍ സ്വന്തമാകുന്നതോടെ കഴിഞ്ഞ വര്‍ഷം മാത്രം സ്ഥാപിച്ച ഫിലിപ്പൈന്‍സ് സൈന്യത്തിന്റെ മിസൈല്‍ വിക്ഷേപണ വിഭാഗത്തില്‍ അത് കരുത്തേകും.
ഫിലിപ്പൈന്‍സുമായി മാത്രമല്ല തായ്‌ലാന്റ്, ഇന്തോനേഷ്യ,വിയറ്റ്‌നാം എന്നിങ്ങനെ മേഖലയിലെ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതിരോധ കരാറില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. 2018ല്‍ ഇന്തോനേഷ്യയില്‍ യുദ്ധകപ്പലുകളില്‍ ബ്രഹ്‌മോസ് മിസൈല്‍ സംവിധാനം സ്ഥാപിക്കുന്നതിനായി ബ്രഹ്‌മോസ് സംഘം പരിശോധന നടത്തിയിരുന്നു. 2017ല്‍ മോദിയുടെ ഫിലിപ്പൈന്‍സ് സന്ദര്‍ശനത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണത്തിന് ആദ്യമായി കരാര്‍ ഒപ്പുവച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker