
തിരുവല്ല : മാർത്തോമ്മാ സഭയിലെ മുതിർന്ന ബിഷപ്പും ജനകീയനുമായ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സഭയുടെ കീഴിലുള്ള ആശുപത്രിയിൽ പരിചരണം നൽകാതെ പീഡിപ്പിക്കുന്നതായി പരാതി. സഭാദ്ധ്യക്ഷനെതിരെ പ്രതിഷേധിക്കാൻ വൈദികർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സഭയുടെ കീഴിലുള്ള ആശുപത്രിയിൽ പരിചരണം നൽകാതെ പീഡിപ്പിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വലിയ മെത്രാപ്പൊലീത്തയുടെ ഡ്രൈവറാണ് ഇക്കാര്യം സംബന്ധിച്ച് കാര്യ കാരണ സഹിതം സഭാദ്ധ്യക്ഷന് പരാതി നൽകിയിരിക്കുന്നത്.
മാർത്തോമ്മാ സഭയിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയായി സഭാദ്ധ്യക്ഷ സ്ഥാനം രാജിവച്ചൊഴിഞ്ഞ പാരമ്പര്യമാണ് മാർ ക്രിസോസ്റ്റം തിരുമേനിക്കുള്ളതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. വിരമിച്ചതിന് ശേഷം ക്രിസോസ്റ്റം തിരുമേനിയെന്ന വാക്ക് ജനങ്ങൾ കൂടുതൽ ഹൃദയത്തിലേറ്റെടുത്തതോടെ ഇപ്പോഴത്തെ സഭാദ്ധ്യക്ഷൻ സമൂഹത്തിൽ പ്രസക്തമല്ലാതായിമാറി. ഇതേ തുടർന്ന് ക്രിസോസ്റ്റം തിരുമേനിയെ ഒതുക്കാൻ ചിലർ ശ്രമങ്ങൾ നടത്തിയതായി പ്രചാരണമുണ്ടായിരുന്നു.
രണ്ട് വർഷം മുൻപും ക്രിസോസ്റ്റം തിരുമേനിക്ക് ചികിത്സ നിഷേധിച്ചതായി പരാതിയുണ്ടായി. ചില പത്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സർക്കാർ മെഡിക്കൽ ബോർഡിനെ നിയമിച്ചിരുന്നു. എന്നാൽ കൊറോണക്കാലത്ത് തന്നെ ക്രിസോസ്റ്റം തിരുമേനി ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ചിലർ 14 വർഷമായി കൂടെയുള്ള ഡ്രൈവറെ പുറത്താക്കിയിരിക്കുകയാണെന്ന് വൈദികരിൽ ചിലർ തന്നെ പറയുന്നു. ക്രിസോസ്റ്റം തിരുമേനിയെ പ്രതിഫലം കൂടാതെ ശുശ്രൂഷിക്കാമെന്ന് ഡ്രൈവറും സന്തത സഹചാരിയുമായിരുന്ന എബി രേഖാമൂലം അറിയിച്ചിട്ടും സഭാധ്യക്ഷൻ മുഖംതിരിച്ചെന്നാണ് വൈദികർ പറയുന്നത്. ഏതെങ്കിലും വിഐപി വരുമ്പോൾ മാത്രമാണ് കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലുള്ള തിരുമേനിയെ നല്ല വസ്ത്രം പോലും ധരിപ്പിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല ആംബുലൻസിൽ ആഹാരം എത്തിക്കുന്നതിന്റെ ചിത്രവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കൂടാതെ മെത്രാപ്പോലീത്തായെ സ്യൂട്ട് റൂമിൽ നിന്ന് മാറ്റി ജനാലപോലുമില്ലാത്ത റൂമിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്.
ക്രിസോസ്റ്റം തിരുമേനിയോടുള്ള അനാദരവും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇമെയിലും കത്തുകളും അയക്കാൻ വാട്സ് ആപ് ഗ്രൂപ്പിൽ വൈദികർ ആഹ്വാനം ചെയ്തത് പലരും ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ പത്മഭൂഷൺ ബഹുമതി ലഭിച്ച അപൂർവ്വം ബിഷപ്പുമാരിലൊരാളായ മാർ ക്രിസോസ്റ്റം 102-ാം വയസ്സ് പിന്നിട്ടപ്പോഴാണ് അദ്ദേഹത്തെ ക്രൂശിക്കുന്നതായി സഭയ്ക്കുള്ളിൽത്തന്നെ പരാതി ഉയർന്നിരിക്കുകയാണ്.