ഇംഫാല്‍ : മണിപ്പൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൗബാല്‍ ജില്ലയിലെ സാലുങ്ഫാം പ്രദേശത്തും ഇംഫാല്‍ ജില്ലയിലെ നോങ്മൈച്ചിംഗ് ചിങ്കോങ് പ്രദേശത്തുമാണ് പന്നിപ്പനി കണ്ടെത്തിയത്. സംസ്ഥാന വെറ്റിറിനറി ആന്റ് അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. ചൗബ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം ഉണ്ടായ പ്രദേശം അടച്ചിടുകയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പ്രദേശത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൃഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമപ്രകാരം തൗബാല്‍ ജില്ലയിലെ കാംഗ്യാംബെം, ലോക്ചാവോ, സാലുങ്ഫാം മമാംഗ് ലൈകായ് എന്നീ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ഇംഫാല്‍ ജില്ലയിലെ നോങ്മൈച്ചിംഗ് ചിങ്കോങ് പ്രദേശത്തെ പന്നി ഫാമും രോഗബാധയുള്ള സ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പന്നി, പന്നിയിറച്ചി എന്നിവയുടെ വില്‍പ്പനയും ഉപയോഗവും ജില്ലാ ഭരണകൂടം നിരോധിച്ചു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.