തേഞ്ഞിപ്പാലം: വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തര നിര്‍ദേശം ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കുന്ന കിറ്റില്‍ മാസ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്ക് മാറ്റി കിറ്റിലുള്ള മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. കറുത്തനിറത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്നത് തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.